‘കുരുമുളകു ചെടികളിലെ ദ്രുതവാട്ടം നിയന്ത്രിക്കാം’
1245552
Sunday, December 4, 2022 12:49 AM IST
കൽപ്പറ്റ: കുരുമുളകു ചെടികളിലെ ദ്രുതവാട്ടം നിയന്ത്രിക്കാനാകുമെന്നു കൃഷി അധികൃതർ അറിയിച്ചു. കുരുമുളകു ചെടിയുടെ ഇലകളിൽ കറുത്ത പൊട്ടുകളായി പ്രത്യക്ഷപ്പെടുന്ന രോഗമാണ് ദ്രുതവാട്ടം. വേരഴുകൽ, മഞ്ഞളിപ്പ്, ഇല പൊഴിച്ചിൽ, തിരി പൊഴിച്ചിൽ, ഇല കരിഞ്ഞുണൽ, തണ്ടുകൾ ഒടിയൽ എന്നിവ രോഗ ലക്ഷണങ്ങളാണ്.
വർഷത്തിലൊരിക്കൽ പരിശോധന നടത്തി മണ്ണിൽ ശരിയായ അളവിൽ പോഷകങ്ങളും സൂക്ഷ്മ മൂലകങ്ങളും ഉറപ്പാക്കുന്നതിനു രോഗം വരാതിരിക്കുന്നതിനു സഹായകമാകും. മണ്ണിന്റെ അമ്ലത ലഘൂകരിക്കുന്നതിന് കൊടിയൊന്നിന് 500 ഗ്രാം കുമ്മായം അല്ലെങ്കിൽ ഡോളമൈറ്റ് ഇടുന്നതും ഈർപ്പ സംരക്ഷണത്തിനും മിത്രജീവാണുക്കളുടെ വംശവർധനവിനും വേനലിൽ പുതയിടുന്നതും സന്പുഷ്ട്ടീകരിച്ച ട്രൈക്കോഡെർമ(കൊടിയൊന്നിന് അഞ്ചു കിലോഗ്രാം), സ്യൂഡോമോണസ് (20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ), വളർച്ചയ്ക്കു സഹായിക്കുന്ന വാം അഥവാ മൈക്കോറൈസ(കൊടി ഒന്നിന് 50 ഗ്രാം) എന്നിവ നൽകുന്നതും രോഗ പ്രതിരോധത്തിനു ഉതകും.
രോഗ ബാധയേറ്റ തോട്ടത്തിൽ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കണം. രോഗം നിയന്ത്രണ വിധേയമാകുന്നില്ലെങ്കിൽ രാസകുമിൾനാശിനി മാർഗങ്ങൾ പ്രയോജനപ്പെടുത്തണം. ഇതിനു കൃഷിഭവനുമായി ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.