വൈത്തിരി താലൂക്ക് ആശുപത്രി വികസനത്തിന് മുൻഗണന നൽകും: ടി. സിദ്ദിഖ് എംഎൽഎ
1246126
Tuesday, December 6, 2022 12:03 AM IST
കൽപ്പറ്റ: വൈത്തിരി താലൂക്ക് ആശുപത്രിയെ ആദിവാസി സമൂഹവും പൊതു സമൂഹവും കൂടുതൽ ആശ്രയിക്കുന്ന സാധാരണക്കാരുടെ ആരോഗ്യരക്ഷയുടെ പ്രധാന കേന്ദ്രമാണ്.
താലൂക്ക് ആശുപത്രിയുടെ വികസനം പ്രധാന അജണ്ട ആണെന്നും ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു. ആശുപത്രിയുടെ വികസന പ്രവർത്തനത്തിന്റെ ഭാഗമായി 2.30 കോടി രൂപ പോസ്റ്റ് ഓപ്പറേറ്റീവ് നിർമിക്കുന്നതിനും ലാപ്രോസ്കോപ്പി സർജറിക്കും വേണ്ടിയുള്ള ബ്ലോക്ക് നിർമാണത്തിന് നാഷണൽ ഹെൽത്ത് മിഷന്റെ ഫണ്ട് അനുവദിപ്പിക്കാൻ മാസങ്ങൾക്ക് മുന്പ് കഴിഞ്ഞിരുന്നു.
തുടർ വികസന പ്രവർത്തനത്തിന്റെ ഭാഗമായി ട്രൈബൽ കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് ഫണ്ടുമായി ബന്ധപ്പെട്ടു പ്രത്യേക താത്പര്യം എടുത്ത് 1.96 കോടി രൂപയാണ് ഡ്രഗ്ഗ് സ്റ്റോറിനും ഫാർമസി കെട്ടിടത്തിനും വേണ്ടി അനുവദിപ്പിക്കാൻ സാധിച്ചത്.
ഹോസ്പിറ്റലിന്റെ മാസ്റ്റർ പ്ലാൻ തയാറാക്കുന്നത് വേഗത്തിലാക്കുമെന്നും ബ്ലഡ് ബാങ്കിനുള്ള പുതിയ നിർദേശം സർക്കാരിന് സമർപ്പിക്കുമെന്നും വൈത്തിരി താലൂക്ക് ആശുപത്രിയിലെ ലാബ് പ്രവർത്തനം 24 മണിക്കൂർ ആക്കിയതായും എംഎൽഎ പറഞ്ഞു. നിലവിൽ ഫാർമസിയിൽ മരുന്നു വാങ്ങുന്നവരുടെ എണ്ണം വർധിച്ചതിനാൽ അധിക സ്റ്റാഫുകളെ നിയമിക്കുമെന്ന് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ അറിയിച്ചതായി എംഎൽഎ കൂട്ടിച്ചേർത്തു.