ക്രൈസ്തവ മത നേതാക്കളെ അവഹേളിക്കുന്നത് അവസാനിപ്പിക്കണം: എകെസിസി
1247051
Friday, December 9, 2022 12:14 AM IST
സുൽത്താൻ ബത്തേരി: ക്രൈസ്തവ മത നേതാക്കളെ സമൂഹത്തിൽ അവഹേളിക്കുന്നത് അവസാനിപ്പിക്കണമെന്ന് എകെസിസി ഫൊറോന കമ്മിറ്റി. സമീപ കാലത്തായി പൊതുവേദികളിലും സാമൂഹമാധ്യമങ്ങളിലും വളരെ മോശമായവിധം ക്രൈസ്തവ മത നേതാക്കളെ അവഹേളിക്കുന്നത് കൂടിവരുന്നു.
വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ടും അവഹേളനാപരമായ മുദ്രാവാക്യമാണ് വിവിധ രാഷ്ട്രീയ-മത സംഘടനകൾ ഉയർത്തിയത്. ഇത്തരം മുദ്രാവാക്യങ്ങൾ ക്രൈസ്തവ മത നേതാക്കൾക്കു നേരേ മാത്രമേ ഉയരുന്നുള്ളൂ. ഇവരെ നിശബ്ദരാക്കാനാണ് ശ്രമമെങ്കിൽ വിലപ്പോവില്ല. രാജ്യദ്രോഹികളും ഭീകര പ്രവർത്തകരുമായി ക്രൈസ്തവ മത നേതാക്കളെ ചിത്രീകരിക്കാനുള്ള തത്പര കക്ഷികളുടെ ഹീന ശ്രമമാണ് ഇതിന് പിന്നിലുള്ളതെന്ന് യോഗം കുറ്റപ്പെടുത്തി. ജോണ്സണ് തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു. ചാൾസ് വടാശേരി, ജേക്കബ് ബത്തേരി, മോളി മാമൂട്ടിൽ, ജോസഫ് നെല്ലിനിൽക്കുംതടത്തിൽ, ജോയി പുളിമൂട്ടിൽ, ബേബി മഠത്തിൽ എന്നിവർ പ്രസംഗിച്ചു.