ജനവാസ കേന്ദ്രത്തിൽ കടുവയുടെ സാന്നിധ്യം: ജനങ്ങൾ ആശങ്കയിൽ
1262002
Wednesday, January 25, 2023 12:32 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ ഉദയക്കവലയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയതോടെ ജനങ്ങൾ ഭീതിയിൽ.
ഇന്നലെ രാവിലെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗിന് എത്തിയ തൊഴിലാളിയാണ് കടുവയെ കണ്ട് ഓടി രക്ഷപ്പെട്ടത്. നാട്ടുകാർ വനം വകുപ്പിനെ വിവരമറിയച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ മാസം താന്നിത്തെരുവ്, സുരഭിക്കവല, പച്ചിക്കരമുക്ക്, ചേപ്പില പ്രദേശങ്ങളിലും കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ജനവാസ മേഖലയിലുള്ള കടുവയെ കൂട് വച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തി.
കൃഷിയിടങ്ങൾ ഉണങ്ങി കിടക്കുന്നതിനാൽ കാൽപ്പാടുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് അധികൃതർ പറയുന്നത്. പ്രദേശത്ത് കടുവയുടെ സാന്നിധ്യം കണ്ടെത്താൻ വനം വകുപ്പ് കാമറകൾ സ്ഥാപിച്ച് പരിശോധന നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.