ചേകാടിയിലേക്കുള്ള യാത്രാ ക്ലേശം അവസാനിപ്പിക്കാൻ നടപടി വേണം: യൂത്ത് കോണ്ഗ്രസ്
1262009
Wednesday, January 25, 2023 12:32 AM IST
പുൽപ്പള്ളി: നൂറു കണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ചേകാടി വനഗ്രമത്തിലേക്കുള്ള യാത്രാദുരിതം അവസാനിപ്പിക്കാൻ സർക്കാർ നടപടി എടുക്കണമെന്ന് യൂത്ത് കോണ്ഗ്രസ് ചേകാടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. 90 ശതമാനത്തിൽ അധികം ആദിവാസി ജനവിഭാഗങ്ങൾ അതിവസിക്കുന്ന ചേകാടി ഗ്രാമത്തിലേക്ക് നല്ലൊരു റോഡ് പോലും ഇല്ല. ആകെ ഉള്ളത് ഒരു കെഎസ്ആർടിസി ബസ് മാത്രമാണ്. റോഡിലെ കുഴിയിൽ വീണ് ബസ് തകരാറിലാകുന്നതും പതിവാണ്. ആ സമയങ്ങളിൽ കിലോമീറ്ററോളം നടന്നു വേണം വാഹനം കിട്ടുന്നിടത്ത് എത്തിച്ചേരാൻ. വന്യമൃഗശല്യവും ചേകാടിക്കാരെ ദുരിതത്തിൽ ആക്കുന്നു.
ഈ ദുരിതത്തിൽ നിന്നും ഇവിടുത്തെ ജനതയെ രക്ഷിക്കാനുള്ള നടപടികൾ ഉടൻ ആരംഭിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകാനും യൂത്ത് കോണ്ഗ്രസ് കമ്മിറ്റി തീരുമാനിച്ചു. ബത്തേരി നിയോജക മണ്ഡലംതല യൂണിറ്റ് സമ്മേളനങ്ങളുടെ ഉദ്ഘാടനം യൂത്ത് കോണ്ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സിറിൽ ജോസ് നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് സിജു പൗലോസ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഗസ്റ്റിൻ പുൽപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. മണി പാന്പനാൽ, ഇ.എ. ശങ്കരൻ, രാജു തോണിക്കടവ്, സതിഷ് കരടിപ്പാറ, ലിന്റോ കുര്യാക്കേസ്, സുമേഷ് കോളിയാടി, മനു മീനങ്ങാടി, അമൽ ബാബു, ലിജോ ജോർജ്, സനു രാജപ്പൻ, എ.കെ. ശരത്, മണി പൊളുന്ന, സജി മരകാവ് എന്നിവർ പ്രസംഗിച്ചു.