തോമസിന്റെ മകന് നിയമന ഉത്തരവ് നല്കി
1262617
Saturday, January 28, 2023 12:44 AM IST
മാനന്തവാടി: കടുവ ആക്രമണത്തെത്തുടര്‍ന്നു മരിച്ച പുതുശേരി പള്ളിപ്പുറം തോമസിന്റെ മകന് സാജന് തോമസിനു വനം വകുപ്പില്‍ താത്കാലിക നിയമനത്തിന് ഉത്തരവ് നല്കി. മക്കിയാട് ഫോറസ്റ്റ് സ്റ്റേഷനു കീഴിലുള്ള മീന്മുട്ടി ഇക്കോ ടൂറിസം സെന്ററിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് ജോലി.
പുതുശേരി ആലക്കലിലെ വീട്ടിലെത്തി ഒ.ആര്. കേളു എംഎല്‍എ, നോര്‍ത്ത് വയനാട് ഡിഎഫ്ഒ മാര്ട്ടിന് ലോവല്‍ എന്നിവരാണ് ഉത്തരവ് കൈമാറിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി, തൊണ്ടര്‍നാട് പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി, എന്‍സിപി നേതാവ് സി.എം. ശിവരാമന് തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു. കുടുംബത്തിന് അടിയന്തര സമാശ്വാസധനമായി സര്‍ക്കാര്‍ 10 ലക്ഷം രൂപ കൈമാറിയിരുന്നു.