ലോക കാൻസർ ദിനത്തിൽ വേറിട്ട ബോധവത്കരണവുമായി ആരോഗ്യവിഭാഗം
1264372
Friday, February 3, 2023 12:08 AM IST
കൽപ്പറ്റ: ഫെബ്രുവരി നാല് ലോക കാൻസർ ദിനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ്, ആരോഗ്യകേരളം വയനാട്, നല്ലൂർനാട് ജില്ലാ കാൻസർ സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ പരിപാടികൾ തുടങ്ങി. രോഗത്തെക്കുറിച്ചും രോഗകാരണങ്ങളെക്കുറിച്ചും ’കാലൻ’ പൊതുജനത്തോട് സംവദിക്കുന്ന രീതിയിലാണ് ബോധവത്കരണം.
മാനന്തവാടിയിലായിരുന്നു പരിപാടിയുടെ തുടക്കം. നല്ലൂർനാട് ജില്ലാ കാൻസർ സെന്റർ സൂപ്രണ്ട് ഡോ. ആൻസി മേരി ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. മദ്യത്തിനും പുകയിലയ്ക്കുമെതിരായ സന്ദേശങ്ങൾ അടങ്ങുന്ന വിവിധ രൂപങ്ങൾ വഹിച്ചുള്ള റാലിയുമുണ്ടായിരുന്നു.
പനമരം ഗവ. നഴ്സിംഗ് സ്കൂൾ വിദ്യാർഥികൾ ഫ്ളാഷ് മോബും അവതരിപ്പിച്ചു. പനമരം, പുൽപ്പള്ളി എന്നിവിടങ്ങളിലും ബോധവത്കരണ സന്ദേശയാത്ര പര്യടനം നടത്തി. സുൽത്താൻ ബത്തേരി, കൽപ്പറ്റ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ പരിപാടി അരങ്ങേറും.