കളക്ടറേറ്റിൽ ബയോമെട്രിക് പഞ്ചിംഗ് തുടങ്ങി
1265567
Monday, February 6, 2023 11:58 PM IST
കൽപ്പറ്റ: കളക്ടറേറ്റ് ഉൾപ്പെടെ സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിംഗ് ആരംഭിച്ചു. ആധാർ അധിഷ്ഠിത പഞ്ചിംഗിന്റെ ഒൗദ്യോഗിക ഉദ്ഘാടനം ജില്ലാ കളക്ടർ എ. ഗീത നിർവഹിച്ചു. സിവിൽ സ്റ്റേഷനിൽ റവന്യു വിഭാഗം, സർവേ വകുപ്പ്, ആർടിഒ, സാമൂഹ്യ ക്ഷേമ വകുപ്പ്, ഐസിഡിഎസ്, ജില്ലാ പ്രബോഷൻ ഓഫീസ്, ജില്ലാ സപ്ലൈ ഓഫീസ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ്, പിഡബ്ല്യുഡി റോഡ്സ് തുടങ്ങിയ ഓഫീസുകളിൽ പഞ്ചിംഗ് തുടങ്ങി. മുഴുവൻ ഓഫീസുകളിലും പഞ്ചിംഗ് ആരംഭിക്കുന്നതിനുള്ള നടപടികൾ പൂരോഗമിക്കുകയാണ്.
സിവിൽസ്റ്റേഷനിൽ അഞ്ച് പഞ്ചിംഗ് മെഷീനുകൾ പ്രവർത്തന സജ്ജമായി. ബാക്കിയുള്ളവ ഉടൻ സ്ഥാപിക്കും. ഓഫീസിൽ പ്രവേശിക്കുന്പോഴും ജോലി കഴിഞ്ഞ് ഇറങ്ങുന്പോഴും പഞ്ചിംഗ് നിർബന്ധമാണ്. ആധാറിന്റെ അവസാനത്തെ എട്ട് അക്കങ്ങൾ രേഖപ്പെടുത്തി വിരലടയാളം നൽകി ആദ്യഘട്ടത്തിൽ ജീവനക്കാർക്ക് പഞ്ചിംഗ് രേഖപ്പെടുത്താം. രണ്ടാംഘട്ടത്തിൽ ജീവനക്കാർക്ക് കാർഡ് നൽകും.
നിലവിൽ രാവിലെ 10.15 വൈകുന്നേരം 5.15 എന്ന നിലയിലാണ് പഞ്ചിംഗ് സമയം ക്രമീകരിച്ചിരിക്കുന്നത്. ജീവനക്കാർക്ക് ഒരു മാസത്തിൽ 300 മിനിട്ട് ഗ്രേസ് ടൈം ലഭിക്കും. താമസിയാതെ ജീവനക്കാരുടെ സേവന, വേതന സംവിധാനം നിയന്ത്രിക്കുന്ന സ്പാർക്കുമായി ഇത് ബന്ധിപ്പിക്കും.
സിവിൽ സ്റ്റേഷനിൽ കെൽട്രോണ്, നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ, കളക്ടറേറ്റ് ഐടി സെൽ എന്നിവരുടെ സാങ്കേതിക സഹായത്തോടെയാണ് പഞ്ചിംഗ് മെഷീനുകൾ സ്ഥാപിച്ചത്. ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും പഞ്ചിംഗ് ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. എഡിഎം എൻ.ഐ. ഷാജു, കളക്ടറേറ്റ് പഞ്ചിംഗ് നോഡൽ ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ കെ. ഗോപിനാഥ്, ഡെപ്യൂട്ടി കളക്ടർമാരായ കെ. അജീഷ്, വി. അബൂബക്കർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, ഹുസൂർ ശിരസ്തദാർ ടി.പി. അബ്ദുൾ ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു.