ജനമൈത്രി പോലീസ് വയോജനങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു
1266125
Wednesday, February 8, 2023 11:45 PM IST
കൽപ്പറ്റ: ഉപേക്ഷിക്കപ്പെടേണ്ടവരല്ല സംരക്ഷിക്കപ്പെടേണ്ടവരാണ് മുതിർന്ന പൗരൻമാരെന്നും അവരുടെ സംരക്ഷണം നമ്മുടെ കടമയാണെന്നും സമൂഹത്തെ ഓർമിപ്പിച്ച് ജില്ല ജനമൈത്രി പോലീസ് വയോജനങ്ങൾക്കായി വിനോദയാത്ര നടത്തി.
മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലെ നെടുങ്കരണ പ്രദേശത്തെ വയോജന കൂട്ടായ്മയിലുള്ള മുതിർന്ന പൗരൻമാരാണ് വിനോദയാത്രയിൽ പങ്കെടുത്തത്. ജില്ല ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ കീഴിലുള്ള ടൂറിസം കേന്ദ്രമായ കർളാട് തടാകത്തിലേക്കാണ് വിനോദ യാത്ര നടത്തിയത്. തടാകത്തിൽ ബോട്ട് സവാരിയും ചങ്ങാട സവാരിയും നടത്തിയ ശേഷം തടാകക്കരയിൽ ഒത്തുകൂടി.
മേപ്പാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സിറാജ് വിനോദയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. തടാകക്കരയിൽ നടന്ന പരിപാടി പടിഞ്ഞാറത്തറ സബ് ഇൻസ്പെക്ടർ പി.എൻ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജനമൈത്രി ജില്ല അസി. നോഡൽ ഓഫീസർ കെ.എം. ശശിധരൻ അധ്യക്ഷത വഹിച്ചു. ടിഡിപിസി കർളാട് പ്രോജക്ട് മാനേജർ സുമ ദേവി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിന് സീനിയർ സിവിൽ ഓഫീസർ കെ. മുജീബ് സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസർ കെ. വിനോദ് നന്ദിയും പറഞ്ഞു.