കേരള സമാജം സാന്ത്വന ഭവനം: താക്കോൽദാനം രാഹുൽഗാന്ധി എംപി നിർവഹിക്കും
1278997
Sunday, March 19, 2023 1:10 AM IST
കൽപ്പറ്റ: 2019ലെ കാലവർഷത്തിൽ മുട്ടിൽ പഞ്ചായത്തിൽ വീടുകൾ നഷ്ടപ്പെട്ടതിൽ 14 കുടുംബങ്ങൾക്കായി ബംഗളൂരു കേരള സമാജം നിർമിച്ച ഭവനങ്ങളുടെ(സാന്ത്വന ഭവനം) താക്കോൽദാനം 21ന് രാവിലെ 10ന് രാഹുൽഗാന്ധി എംപി നിർവഹിക്കും.
മുട്ടിൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തുന്ന ചടങ്ങിൽ സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. കെ.സി. വേണുഗോപാൽ എംപി, എംഎൽഎമാരായ ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ, ഒ.ആർ. കേളു, മുൻ എംഎൽഎ എൻ.ഡി. അപ്പച്ചൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നസീമ, മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് നസീമ മാങ്ങാടൻ, കണിയാന്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കമല രാമൻ തുടങ്ങിയവർ പങ്കെടുക്കും.
1940ൽ രൂപീകൃതമായതാണ് കേരള സമാജം. വിദ്യഭ്യാസ, ജീവകാരുണ്യ, സാംസ്കാരിക രംഗങ്ങളിൽ സജീവമായ സമാജത്തിനു കീഴിൽ 12 വിദ്യഭ്യാസ സ്ഥാപനങ്ങളും ഐഎഎസ് പരീക്ഷ പരിശീലന കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. നാല് ആംബുലൻസ് സർവീസും ആറ് ഡയാലിസിസ് യൂണിറ്റും സമാജം നടത്തുന്നുണ്ട്. നിർധനരായ 100 കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകാനുള്ള നീക്കത്തിലാണ് സമാജമെന്ന് ജനറൽ സെക്രട്ടറി റജികുമാർ പറഞ്ഞു. കൽപ്പറ്റ ഫ്രണ്ട്സ് ക്രിയേറ്റീവ് മൂവ്മെന്റിന്റെ സഹകരണത്തോടെയാണ് മുട്ടിലിൽ ഭവന പദ്ധതി നടപ്പാക്കിയത്.