കോഴിക്കോട്: രാജ്യത്തെ ഫാസിസ്റ്റ് ശക്തികള്‍ ജനാധിപത്യത്തെ ഇല്ലാതാക്കുന്നതിനുവേണ്ടിയാണ് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് കവി ആലങ്കോട് ലീലാകൃഷ്ണന്. ഇന്ത്യയുടെ വൈവിധ്യത്തിലധിഷ്ഠിതമായ ദേശീയതയെ ഉറപ്പിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂ. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ ധാരകളെക്കാളും കോണ്‍ഗ്രസ് പ്രസക്തമാകുന്നത് ഈ കാരണത്താലാണ്. ചെറിയ ഭിന്നതകള്‍ മാറ്റിവച്ച് ഫാസിസത്തിനെതിരേ ഐക്യപ്പെടാനാണ് കാലം ആവശ്യപ്പെടുന്നത്. ദേശീയ സമര കാലത്തെ പോലെ സാംസ്കാരിക പ്രവര്‍ത്തകര്‍ ഫാസിസ്റ്റ് പ്രതിരോധത്തിന്റെ നേതൃത്വം ഏറ്റെടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "ഭയമല്ല നിര്‍ഭയ സംവാദമാണ് ഇന്ത്യ' എന്ന പേരില്‍ സംസ്കാര സാഹിതി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക പ്രതിരോധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയര്മാന് നിജേഷ് അരവിന്ദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയര്മാന് ആര്യാടന് ഷൗക്കത്ത് മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍, സംസ്ക്കാര സാഹിതി സംസ്ഥാന സെക്രട്ടറി കെ. പ്രദീപന്, ശ്രീമാനുണ്ണി, ടി.വി. മുരളി എന്നിവര്‍ പ്രസംഗിച്ചു.