വയനാട് പാക്കേജ്: 25.29 കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതി
1282693
Thursday, March 30, 2023 11:57 PM IST
കൽപ്പറ്റ: വയനാട് പാക്കേജിൽ 2022 - 2023 സംസ്ഥാന ബജറ്റിൽ അനുവദിച്ച 75 കോടിയിൽ ഉൾപ്പെട്ട 25.29 കോടി രൂപയുടെ 11 പ്രവൃത്തികൾക്ക് ഭരണാനുമതിയായി. ജില്ലാ കളക്ടർ ചെയർമാനായ ജില്ലാതല സമിതിയാണ് പദ്ധതികൾക്ക് അനുമതി നൽകിയത്. പരമാവധി അഞ്ച് കോടി വരെയുള്ള അടങ്കൽ തുകയുളള പദ്ധതികൾക്കാണ് ജില്ലാതല സമിതിക്ക് അംഗീകാരം നൽകാനാവുക. പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിൽ വീടുകളുടെയും ഓഫീസുകളുടേയും നിർമാണം 2.20 കോടി.
വന്യജീവി ശല്യം പ്രതിരോധിക്കുന്നതിന് മാനന്തവാടി, ബത്തേരി, കൽപ്പറ്റ മണ്ഡലങ്ങളിൽ ഫെൻസിംഗ് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ സ്ഥാപിക്കൽ നാല് കോടി, ചീരാൽ പ്രീമെട്രിക് ഹോസ്റ്റൽ നിർമാണം 2.91 കോടി, കാപ്പിസെറ്റ് പ്രീമെട്രിക് ഹോസ്റ്റൽ നിർമാണം രണ്ട് കോടി, അന്പലവയൽ മട്ടപ്പാറ പ്രീമെട്രിക് ഹോസ്റ്റൽ നിർമാണം രണ്ട് കോടി, മാനന്തവാടി ഗവ. എൻജിനിയറിംഗ് കോളജിൽ ഓണ്‍ലൈൻ പരീക്ഷാ കേന്ദ്രം സ്ഥാപിക്കൽ 1.20 കോടി, മാനന്തവാടി പഴശി പാർക്കിൽ കുട്ടികളുടെ പാർക്ക് നിർമാണം 1.20 കോടി, ബത്തേരി ടൗണ്‍ സ്ക്വയറിൽ ഓപ്പണ്‍ ജിം 1.125 കോടി, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാലയിൽ നോളജ് പാർക്ക് 4.155 കോടി, അന്പലവയൽ പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ കീടനാശിനി അവശിഷ്ട പരിശോധന ലബോറട്ടറി സ്ഥാപിക്കൽ നാല് കോടി, കാലാവസ്ഥ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തൽ 50 ലക്ഷം എന്നീ പ്രോജക്ടുകൾക്കാണ് ഭരണാനുമതി നൽകിയത്.
ജില്ലയുടെ സാമൂഹിക സാന്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി സംസ്ഥാന സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വയനാട് പാക്കേജിൽ ഉൾപ്പെട്ട മറ്റ് പ്രോജക്ടുകളുടെ നിർവഹണവും നടപടിക്രമങ്ങളും ജില്ലയിൽ പുരോഗമിക്കുകയാണ്. എഡിഎം എൻ.ഐ. ഷാജു, സബ്കളക്ടർ ആർ. ശ്രീലക്ഷ്മി, ജില്ലാ പ്ലാനിംഗ് ഓഫീസർ ആർ. മണിലാൽ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.