തുന്പക്കുനി പാലം യഥാർഥ്യത്തിലേക്ക്; ടെൻഡർ നടപടികൾ പൂർത്തിയായി
1282696
Thursday, March 30, 2023 11:57 PM IST
മീനങ്ങാടി: പഞ്ചായത്തിലെ വണ്ടിച്ചിറക്കവല-തുന്പക്കുനി-പള്ളിക്കമൂല റോഡിൽ പുറക്കാടി പുഴയ്ക്കു കുറുകെ തുന്പക്കുനിയിൽ പാലം നിർമിക്കുന്നു.
ഇതിനു ടെൻഡർ നടപടികൾ പൂർത്തിയായതായി ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അറിയിച്ചു. നിലവിൽ തുന്പക്കുനിയിൽ താത്കാലിക മരപ്പാലമാണുള്ളത്. മഴക്കാലത്ത് താത്കാലിക പാലത്തിലൂടെയുള്ള യാത്ര വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
65.10 മീറ്റർ നീളവും നടപ്പാത സഹിതം 11 മീറ്റർ വീതിയിലുമാണ് പാലം പണിയുന്നത്. അപ്രോച്ച് റോഡും നിർമിക്കും. ഇതിനുള്ള ടെൻഡർ നടപടികളും പൂർത്തിയായി. വണ്ടിചിറക്കവല ഭാഗത്ത് 900 ഉം പള്ളിക്കമൂല ഭാഗത്ത് 1144 ഉം മീറ്റർ നീളത്തിലാണ് അപ്രോച്ച് റോഡ് പണിയുക. സംരക്ഷണ ഭിത്തികൾ, ഏഴു കലുങ്ക്, 1,655 മീറ്റർ ഡ്രൈനേജ് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.