വാളത്തൂർ ചീരമട്ടം ക്വാറി: ലൈസൻസ് റദ്ദാക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് ഡിഡിഎംഎ നിർദേശം
1283010
Saturday, April 1, 2023 12:12 AM IST
കൽപ്പറ്റ: മൂപ്പൈനാട് പഞ്ചായത്തിലെ വാളത്തൂർ ചീരമട്ടത്ത് കരിങ്കൽ ഖനനം തുടങ്ങുന്നതിനെതിരേ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നു വർഷത്തോളമായി നടന്നുവന്ന സമരം വിജയം കണ്ടു. ക്വാറി ലൈസൻസ് റദ്ദാക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് ജില്ലാ ദുരന്ത നിവരാണ അഥോറിറ്റി നിർദേശം നൽകി.
2005ലെ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷൻ 30(2)(V) പ്രകാരമാണ് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർപേഴ്സണുമായ കളക്ടർ ഡോ.രേണുരാജിന്റെ നിർദേശം. കഴിഞ്ഞ ദിവസം ചേർന്ന ഡിഡിഎംഎ യോഗമാണ് ക്വാറി ലൈസൻസ് റദ്ദുചെയ്യുന്നതിനു പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകാൻ തീരുമാനിച്ചത്.
അതീവ പരിസ്ഥിതി ലോലവും 2019ൽ മണ്ണിടിച്ചിൽ ഉണ്ടായതും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി റെഡ് സോണിൽ ഉൾപ്പെടുത്തിയതുമായ പ്രദേശമാണ് വാളത്തൂർ. മുൻപ് പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിച്ച അസിസ്റ്റന്റ് സെക്രട്ടറിയാണ് നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റിൽ പറത്തി ക്വാറി ലൈസൻസ് അനുവദിച്ചത്. അപേക്ഷ ആഴ്ചകളോളം പൂഴ്ത്തിവച്ചാണ് സെക്രട്ടറി ഇൻ ചാർജ് ക്വാറി ലൈസൻസ് അനുവദിക്കുന്നതിനു സാഹചര്യം ഒരുക്കിയത്.
മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റിന്റെ 2022 സെപ്റ്റംബർ 22ലെ കത്ത്, ജില്ലാ ജിയോളജിസ്റ്റിന്റെ ഒക്ടോബർ 29ലെ റിപ്പോർട്ട്, മൂപ്പൈനാട് പഞ്ചായത്ത് സെക്രട്ടറിയുടെ 2023 ജനുവരി ഒന്നിലെ കത്ത്, ജില്ലാ ജിയോളജിസ്റ്റിന്റെ മാർച്ച് 21ലെ കത്ത്, ഡിഡിഎംഎയുടെ 2019 ഓഗസ്റ്റ് 21ലെയും നവംബർ ഏഴിലെയും ഉത്തരവുകൾ, മാർച്ച് 23ലെ യോഗ തീരുമാനം എന്നിവ പരിശോധിച്ചാണ് ജില്ലാ കളക്ടറുടെ നിർദേശം.
ചീരമട്ടം ക്വാറി ലൈസൻസ് റദ്ദാക്കുന്നതിന് മൂപ്പൈനാട് പഞ്ചായത്ത് സെക്രട്ടറിക്കു നിർദേശം നൽകിയ ഡിഡിഎംഎ ചെയർപേഴ്സണ്‍ ഡോ.രേണുരാജിനെ ക്വാറി വിരുദ്ധ ആക്ഷൻ കമ്മിറ്റി യോഗം അഭിനന്ദിച്ചു. ചെയർമാൻ എം.എം. നെഗീബ് അധ്യക്ഷത വഹിച്ചു. കണ്‍വീനർ ബിജു റിപ്പണ്‍, പി.കെ. സാലിം, ഷാജി ലോറൻസ്, റഹിം വാളത്തൂർ എന്നിവർ പ്രസംഗിച്ചു.
ക്വാറി വിഷയത്തിൽ സുപ്രധാന തീരുമാനമെടുത്ത ജില്ലാ കളക്ടറെയും പ്രലോഭനങ്ങളെയും ഗൂഢാലോചനകളെയും പോലീസ് മർദനത്തെയും അതിജീവിച്ച് സമരമുഖത്ത് ഉറച്ചുനിന്ന ചീരമട്ടം പ്രദേശവാസികളെയും വയനാട് പ്രകൃതി സംരക്ഷണ സമിതി അഭിന്ദന്ദിച്ചു. സെക്രട്ടറി തോമസ് അന്പലവയൽ അധ്യക്ഷത വഹിച്ചു.
എൻ. ബാദുഷ, എം. ഗംഗാധരൻ, സി.എ. ഗോപാലകൃഷ്ണൻ, സണ്ണി മരക്കടവ്, ബഷീർ ആനന്ദ് ജോണ്‍, പി.എം. സുരേഷ്, എ.വി. മനോജ് എന്നിവർ പ്രസംഗിച്ചു.