വന്യജീവി ശല്യം: രാപകൽ സത്യഗ്രഹം ഇന്നു രാവിലെ സമാപിക്കും
1283014
Saturday, April 1, 2023 12:12 AM IST
കൽപ്പറ്റ: വയനാട് ജില്ലാ കർഷക പ്രതിരോധ സമിതി കളക്ടറേറ്റ് പടിക്കൽ സംഘടിപ്പിച്ച രാപകൽ സത്യഗ്രഹം ഇന്നു രാവിലെ 10ന് സമാപിക്കും. വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണുക, വനങ്ങൾക്കുചുറ്റും ലോഹവലയോടുകൂടിയ ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിംഗ് സ്ഥാപിക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുംവിധം വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക, വന്യമൃഗ ആക്രമണത്തിൽ മരണപ്പെടുന്നവരുടെ കുടുംബത്തിന് 50 ലക്ഷം രൂപയും സർക്കാർ ജോലിയും നൽകുക, നശിപ്പിക്കപ്പെടുന്ന കാർഷിക വിളകൾക്കും വളർത്തു മൃഗങ്ങൾക്കും കന്പോളവിലയ്ക്ക് തുല്യമായ തുക നഷ്ടപരിഹാരം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
കെ റെയിൽ വിരുദ്ധ ജനകീയ സമിതി ജനറൽ കണ്‍വീനർ എസ്. രാജീവൻ ഉദ്ഘാടനം ചെയ്തു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ പ്രതിരോധത്തിന് തയാറായാൽ മാത്രമേ വന്യമൃഗ പ്രശ്നത്തിൽ സർക്കാർ കാണിക്കുന്ന അലംഭാവത്തിന് അറുതിവരുത്താൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.
സമിതി പ്രസിഡന്റ് ഡോ.ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ അഡ്വ.അബ്ദുൾ റഹ് മാൻ കാതിരി, പ്രേംരാജ് ചെറുകര, ഓൾ ഇന്ത്യ കിസാൻ ഖേദ് മസ്ദൂർ സംഘടന സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾഅസീസ്, സമിതി ട്രഷറർ ദേവസ്യ പുറ്റനാൽ, കെ.ജെ. മാത്യു, എ.സി. തോമസ്, എ.എൻ. മുകുന്ദൻ, പ്രവീണ്‍ ചെറുവത്ത്, ബാബു ചുണ്ടാട്ട്, ടി.കെ. മുസ്തഫ, എസ്. രാധാമണി, പി.കെ. ഭഗത്, വി.കെ. സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.