കൽപ്പറ്റ: നവകേരളം പദ്ധതിയിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന എന്റെ വാർഡ് നൂറിൽ നൂറ് കാന്പയിനിൽ മികച്ച നേട്ടം കൈവരിച്ച് തരിയോട്, പുൽപ്പള്ളി പഞ്ചായത്തുകൾ.
കാന്പയിനിന്റെ ഭാഗമായി നൂറ് ശതമാനം വാതിൽപ്പടി ശേഖരണവും നൂറ് ശതമാനം യൂസർ ഫീയും പഞ്ചായത്തുകൾ പൂർത്തീകരിച്ചു. ജില്ലയിൽ എന്റെ വാർഡ് നൂറിൽ നൂറ് കാന്പയിൻ പൂർത്തീകരിക്കുന്ന ആദ്യ പഞ്ചായത്തുകളാണ് തരിയോടും പുൽപ്പള്ളിയും.
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യ ശേഖരണവും യൂസർ ഫീയും നൂറ് ശതമാനം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ കാന്പയിൻ സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തിൽ ഹരിത കേരളം മിഷൻ ആവിഷ്കരിച്ച കാന്പയിനാണ് എന്റെ വാർഡ് നൂറിൽ നൂറ്.
ഇതനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന വാർഡുകളിൽ ജനങ്ങളുടെ സഹകരണത്തോടെ വാർഡ് അംഗങ്ങളുടെയും ഹരിത കർമസേന അംഗങ്ങളുടെയും നേതൃത്വത്തിൽ പ്രത്യേക കാന്പയിൻ നടത്തി നൂറ് ശതമാനം കാന്പയിൻ പൂർത്തീകരിക്കും. ജില്ലയിൽ ഇതുവരെ ഏഴ് പഞ്ചായത്തുകൾ കാന്പയിനിൽ പങ്കാളികളായി. 47 വാർഡുകൾ നൂറ് ശതമാനം നേട്ടം കൈവരിച്ചു.
തരിയോടും പുൽപ്പള്ളിയും മുഴുവൻ വാർഡുകളിലും നൂറ് ശതമാനം നേട്ടം കൈവരിക്കുന്ന ആദ്യ പഞ്ചായത്തുകളാണ്. അജൈവ മാലിന്യങ്ങളും യൂസർ ഫീയും നൽകാത്തതിൽ ശിക്ഷാ നടപടികളിലേക്കോ പിഴയിലേക്കോ പോകാതെ തന്നെ പൊതുജന സഹകരണത്തോടെ തീർത്തും ജനകീയമായി യൂസർ ഫീ നേട്ടം കൈവരികുന്നു എന്നതാണ് കാന്പയിനിന്റെ പ്രത്യേകത.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കാന്പയിൻ പ്രവർത്തനങ്ങൾ ഉൗർജിതമായി നടന്നു വരുന്നുണ്ട്. നൂറ് ശതമാനം നേട്ടം കൈവരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കർമസേന അംഗങ്ങളെ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ച് ആദരിക്കുന്നുണ്ട്.
എന്റെ വാർഡ് നൂറിൽ നൂറ് കാന്പയിൻ പൂർത്തീകരിച്ച തരിയോട് പഞ്ചായത്തിനെ ഹരിത കേരളം മിഷൻ ആദരിച്ചു. തരിയോട് പഞ്ചായത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ആന്റണി അധ്യക്ഷത വഹിച്ചു. നവകേരളം ജില്ലാ കോഓർഡിനേറ്റർ സുരേഷ് ബാബു പഞ്ചായത്ത് ടീമിന് മെമന്റോയും വാർഡുകളിലെ ഹരിതകർമ സേന അംഗങ്ങൾക്കും അനുമോദന പത്രവും കൈമാറി.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷമീം പാറക്കണ്ടി, പുഷ്പ മനോജ്, രാധ പുലിക്കോട്ട്, അംഗങ്ങളായ ഉണ്ണികൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, വിജയൻ തോട്ടുങ്കൽ, സൂന നവീൻ, ബീന റോബിൻസണ്, വത്സല നളിനാക്ഷൻ, സിബിൽ എഡ്വേർഡ്, കെ.എൻ. ഗോപിനാഥൻ, പഞ്ചായത്ത് സെക്രട്ടറി എം.ബി. ലതിക, വിഇഒ വി.എം. ശ്രീജിത്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രതീഷ്, നിറവ് ഹരിത സഹായ സംഘം പ്രതിനിധി രാജേഷ്, സിഡിഎസ് ചെയർപേഴ്സണ് ഇ.കെ. രാധ തുടങ്ങിയവർ പ്രസംഗിച്ചു. ഹരിത കർമസേന അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, നവകേരളം കർമ പദ്ധതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.