ലോക വിനോദസഞ്ചാരദിനം മാലിയിൽ നിന്ന് 60 അംഗ സംഘം ജില്ലയിൽ
1338917
Thursday, September 28, 2023 1:22 AM IST
കൽപ്പറ്റ: ലോകവിനോദസഞ്ചാര ദിനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ ടൂറിസം ക്ലബ്, എൻസിസി യൂണിറ്റ് എന്നിവരുടെ സഹകരണത്തോടെ വിപുലമായ ആഘോഷങ്ങൾക്ക് ജില്ലയിൽ തുടക്കമായി.
മീനങ്ങാടി എൽദോ മോർ ബസേലിയോസ് കോളജിൽ നടന്ന പരിപാടി ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ സെക്രട്ടറി കെ.ജി. അജേഷ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ എം.എം. സലീൽ അധ്യക്ഷത വഹിച്ചു.
ലോക ടൂറിസം ദിനാചരണത്തോടനുബന്ധിച്ച് മാലിയിൽ നിന്ന് ജില്ലയിലെ വിനോദ സഞ്ചാര സാധ്യതകൾ പഠിക്കുന്നതിനായി എത്തിയ 60 അംഗങ്ങൾ അടങ്ങിയ ടൂറിസം വിദ്യാർഥികളുടെയും അധ്യാപകരുടേയും സംഘത്തെ അന്പലവയലിലെ വയനാട് ഹെറിറ്റേജ് മ്യൂസിയത്തിൽ ജില്ലാ ഭരണകൂടത്തിന് വേണ്ടി എഡിഎം എൻ.ഐ. ഷാജു സ്വീകരിച്ചു.
10 ദിവസം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികളാണ് ജില്ലയിൽ നടക്കുക. ഓട്ടോ ടാക്സി ഡ്രൈവർമാർക്കുളള പരിശീലനം, സെമിനാറുകൾ, ടൂറിസം സംരംഭക പരിശീലനങ്ങൾ, ആർട്ടിഫിഷൽ ഇന്റലിജൻസ് വർക്ക് ഷോപ്പ് തുടങ്ങിയവ നടക്കും. പരിപാടിയുടെ ഭാഗമായി ലോകവിനോദസഞ്ചാരദിന ആശയ പ്രചരണ ഫ്ളാഷ് മോബ്, ടൂറിസം ക്ലബ് ലോഗോ പ്രകാശനം, സെമിനാർ എന്നിവ നടന്നു.
ജില്ലാ ടൂറിസം വിശദീകരണ യോഗത്തിൽ ജില്ലയിലെ വിനോദ സഞ്ചാര സാധ്യതകളെ ഉൾപ്പെടുത്തി ഡിടിപിസി നിർമിച്ച ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
ലക്കിടി ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ ടൂറിസം വിദ്യാർഥികളുമായി മാലി സംഘം സംവദിക്കും. ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലുമായി സഹകരിച്ച് ടൂർ ഓപ്പറേറ്ററായ വേയ്ക്ക് അപ്പ് വേക്കേഷൻസാണ് സംഘത്തെ ജില്ലയിൽ എത്തിച്ചത്.