ജീവാമൃതം പദ്ധതി: 1,200 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നൽകുന്നു
1339859
Monday, October 2, 2023 12:53 AM IST
കൽപ്പറ്റ: നഗരസഭയിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം ഉറപ്പാക്കുന്ന ജീവാമൃതം പദ്ധതിയുടെ ആദ്യഘട്ടത്തിൽ 1,200 കുടുംബങ്ങൾക്ക് കണക്ഷൻ നൽകുന്നതിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ബൈപാസിലെ കല്ലുമുറിക്കുന്നിൽ ടി. സിദ്ദീഖ് എംഎൽഎ നിർവഹിക്കും.
മുനിസിപ്പൽ ചെയർമാൻ കേയെംതൊടി മുജീബ് അധ്യക്ഷത വഹിക്കും.5,200 സൗജന്യ കണക്ഷനുകൾ നൽകുന്നതിനു 73 കോടി രൂപയുടെ പദ്ധതിക്കാണ് നഗരസഭ അനുമതി തേടിയത്.
36 കിലോമീറ്റർ നീളത്തിൽ പൈപ്പ്ലൈൻ സ്ഥാപിച്ച് 1,200 കുടുംബങ്ങൾക്ക് കണക്ഷനുകൾ നൽകുന്നതിന് 5.28 കോടി രൂപയുടെ പദ്ധതിക്കാണ് ആദ്യഘട്ടത്തിൽ അനുമതി ലഭിച്ചത്. യുഐഡിഎസ്എസ്എംടി പദ്ധതിയിൽ കാരാപ്പുഴയിൽനിന്നു എത്തിക്കുന്ന വെള്ളമാണ് നിലവിൽ കൽപ്പറ്റയിൽ വിതരണം ചെയ്യുന്നത്.
ജീവാമൃതം പദ്ധതി പൂർണമായും പ്രാവർത്തികമാകുന്നതോടെ മുനിസിപ്പാലിറ്റിയിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം എത്തിക്കാനാവും.