മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ; ദുരന്താശ്വാസ കമ്മീഷനെ നിയമിക്കണമെന്ന്
1451059
Friday, September 6, 2024 5:25 AM IST
സുൽത്താൻ ബത്തേരി: മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിനിരയായവർക്ക് അർഹമായ ആനൂകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് ജുഡീഷണൽ അധികാരമുള്ള ഒരു ദുരന്താശ്വസ കമ്മീഷനെ നിയമിക്കണമെന്ന് സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോണ് ബത്തേരിയിൽ വാർത്താസമ്മേളനത്തിൽ അവശ്യപ്പെട്ടു.
വിവരങ്ങൾ ശേഖരിച്ച് ആറ് മാസത്തിനുള്ളിൽ കമ്മീഷൻ റിപ്പോർട്ട് സർക്കാരിൽ സമർപ്പിച്ച് ദുരിതബാധിതർക്ക് ആനൂകൂല്യങ്ങൾ ലഭ്യമാകുന്ന തരത്തിലായിരിക്കണം പ്രവർത്തനം. ഒരു ദുരന്തമുണ്ടാകുന്പോൾ പലർക്കും പലവിധത്തിലുള്ള നഷ്ടമായിരിക്കും സംഭവിച്ചിട്ടുണ്ടാകുക. ഇവർക്കെല്ലാം ഒരേ പാക്കേജ് നൽകുന്ന നടപടി ശരിയായരീതിയല്ല.
ഉരുൾപൊട്ടലിനെപ്പറ്റി മുന്നറിയിപ്പ് നൽകുന്ന കാര്യത്തിൽ റവന്യു വകുപ്പിന് പരാജയം സംഭവിച്ചു. മൂന്ന് നിയോജകമണ്ഡലം മാത്രമുള്ള ജില്ലയിൽ 180 മഴമാപിനികളുണ്ട്.
ഇവിടെനിന്നെല്ലാം കൃത്യമായി മഴ കണക്കുകൾ ലഭിക്കുന്നതാണ്. എന്നിട്ടും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയില്ല. ഉരുൾപൊട്ടാനുള്ളത് മുന്നറിയിപ്പ് നൽകിയാലും പൊട്ടും. ജനങ്ങൾക്ക് കൃത്യമായി മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാമായിരുന്നു. ഇവിടെ ആരാണ് ദുരന്തത്തിന്റെ ഉത്തരവാദിയെന്ന് വ്യക്തമായ അന്വേഷണം നടത്തണമെന്നും അതേസമയം ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് റവന്യു വകുപ്പിന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉരുൾപൊട്ടൽ ഉണ്ടായത് മുണ്ടക്കൈ, ചൂരൽമല പ്രദേശത്താണെങ്കിലും വയനാടിനെ മുഴുവൻ ബാധിച്ചു. വയനാട്ടിൽ ഇപ്പോഴും ജനജീവിതം സാധാരണ നിലയിലേക്കായിട്ടില്ല.
വയനാട്ടിലേയ്ക്ക് സാംസ്കാരിക നായകൻമാരും ടൂറിസ്റ്റുകളെയും കൊണ്ടുവരാൻ ബന്ധപ്പെട്ട ടൂറിസം സാംസ്കാരിക, വാണിജ്യ വകുപ്പുകൾ ഉണർന്ന് പ്രവർത്തിക്കണം. വയനാട്ടിലെ കച്ചവട സ്ഥാപനങ്ങൾക്കുള്ള നിശ്ചിത ടാക്സ് ഒഴിവാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.
വയനാട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻഫണ്ട് വെട്ടിക്കുറയ്ക്കരുത്. അത് വയനാടിന്റെ വികസനത്തെ വീണ്ടും മുരടിപ്പിക്കുകയേയുള്ളു. ഇപ്പോൾ വെട്ടിക്കുറച്ചത് എത്രയും പെട്ടെന്ന് പുനസ്ഥാപിക്കാൻ നടപടിവേണം. അടിസ്ഥാനപരമായ കാര്യങ്ങൾ ആസൂത്രണത്തിലൂടെ നടപ്പാക്കണം. ദുരന്തമുഖത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകളും പ്രദേശിക ഭരണകൂടവും മറ്റ് സംഘടനകളുമെല്ലാം മറ്റെങ്ങും കാണാത്തവിധം ഉണർന്ന് പ്രവർത്തിച്ചതിൽ എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു.
നിസാര ആരോപണങ്ങൾക്ക് പോലും പാർട്ടിയിൽ നിന്ന് മാറ്റിനിർത്തുകയും പുറത്താക്കുകയും ചെയ്തിട്ടുള്ള സിപിഎം ഇന്ന് എവിടെയാണ് നിൽക്കുന്നത്.
ഒരു നിയമസഭാസമാജികൻ വ്യക്തമായ തെളിവുകളോടെ ആരോപണം ഉയിച്ചിട്ട് ഒരു നടപടിയും സ്വീകരിക്കാതെ ആരോപണ വിധേയരെ സംരക്ഷിക്കുന്ന കാഴ്ചയാണ് ജനങ്ങൾ കാണുന്നതെന്നും പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെപ്പറ്റി പ്രതികരിക്കവേ സി.പി. ജോണ് പറഞ്ഞു.