നാല് പവനുവേണ്ടി കൊല: യുവാവ് റിമാൻഡിൽ
1451991
Monday, September 9, 2024 8:29 AM IST
മാനന്തവാടി: തൊണ്ടർനാട് തേറ്റമലയിൽ നാലുപവന്റെ ആഭരണങ്ങൾക്കുവേണ്ടി അയൽവാസിയായ വയോധികയെ കോലപ്പെടുത്തിയ കേസിൽ പ്രതി ചോലയിൽ ഹക്കീമിനെ(42)കോടതി റിമാൻഡ് ചെയ്തു. തേറ്റമല വിലങ്ങിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ കുഞ്ഞാമിയെയാണ്(72)ഹക്കീം കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ കുഞ്ഞാമിയുടെ മകൾ ആശുപത്രിയിൽ പോയിരുന്നു.
ഈ സമയം വീട്ടിലെത്തിയ ഹക്കീം തനിച്ചായിരുന്ന കുഞ്ഞാമിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. കൊലയ്ക്കുശേഷം തേറ്റമലയിൽ പോയിവന്ന ഹക്കീം സ്വന്തം കാറിന്റെ ഡിക്കിയിൽ മൃതദേഹം കയറ്റി 600 മീറ്റർ ദൂരെ പൊട്ടക്കിണറ്റിൽ തള്ളുകയായിരുന്നു. പിന്നീട് വെള്ളമുണ്ടയിലെ ധനകാര്യ സ്ഥാപനത്തിലെത്തിയ ഹക്കീം ആഭരണങ്ങളിൽ രണ്ട് ഇനങ്ങളൊഴികെയുള്ളത് 1,15,000 രൂപയ്ക്ക് പണയംവച്ചു. ബാക്കി ജോലിചെയ്യുന്ന സ്ഥാപനത്തിൽ ബാഗിൽ സൂക്ഷിച്ചു.
വൈകുന്നേരത്തോടെ കുഞ്ഞാമിക്കുവേണ്ടിയുള്ള തെരച്ചിലിൽ പ്രതിയും സജീവ പങ്കാളിയായി. വ്യാഴാഴ്ച മൃതദേഹം കണ്ടെത്തിയതിനുശേഷം നാട്ടുകാരുടെയും ബന്ധുക്കളുടെയും സംശയമുന ഹക്കീമിലെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഹക്കീം സ്വർണാഭരണങ്ങൾ പണയംവച്ചതായി കണ്ടെത്തി. ശനിയാഴ്ച വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. രാത്രി അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ ഉച്ചയോടെയാണ് കോടതിയിൽ ഹാജരാക്കിയത്. ഹക്കിമീനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനാണ് പോലീസ് തീരുമാനം. കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും. തലപ്പുഴ സിഐ ടി.പി. ജേക്കബ്, തൊണ്ടർനാട് എസ്ഐമാരായ എം.സി. പവനൻ, കെ. മൊയ്തു, വി.പി. രാജേഷ്, എഎസ്ഐമാരായ നൗഷാദ്, എം.എ. ഷാജി, എസ്പിഒമാരായ എം.സി. വിജയൻ, ജിമ്മി ജോർജ്, എം. സക്കീന, സിപിഒമാരായ ഷിന്റോ ജോസഫ്, സി. ലിഥിൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.