ബോസ്പറ ഗ്രാമത്തിലെ കർഷക കുടുംബങ്ങൾ കുടിയിറക്ക് ഭീഷണിയിൽ
1461197
Tuesday, October 15, 2024 1:55 AM IST
ഗൂഡല്ലൂർ: ദേവർഷോല പഞ്ചായത്തിലെ ബോസ്പറയിലെ 70 കുടുംബങ്ങൾ കുടിയിറക്ക് ഭീഷണിയിൽ. ഇവിടത്തെ കർഷകരുടെ കൈവശ ഭൂമികൾ വനംവകുപ്പ് റിസർവ് വനമായി പ്രഖാപിച്ചിരിക്കുകയാണ്. 73 ഏക്കർ ഭൂമിയാണ് വനംവകുപ്പ് റിസർവ് വനമായി പ്രഖ്യാപിച്ചത്. 1974 മുതൽ കർഷകരുടെ കൈവശത്തിലുള്ള ഭൂമിയാണിത്. തേയില, കാപ്പി, കുരുമുളക്, കമുക്, ഏലം തുടങ്ങിയവ കൃഷി ചെയ്യുന്ന ഭൂമിയാണിത്.
ജയ്സണ്‍, സാബു വർഗീസ്, വത്സമ്മ ജോസഫ്, പൈലി, രാജു, നഞ്ജുതൻ, ഹരിദാസ്, ജോർജ്, കെ.വി. ജോർജ്, ഏബ്രഹാം, ആർ.എ. ജോസഫ്, പി.സി. വർക്കി, മുരളീധരൻ, ശിവദാസ്, കെ.സി. സാമുവേൽ, കെ.കെ. തോമസ്, ജോർജ്, പി.എ. ജോർജ്, എൻ.വി. ബെന്നി, കെ.എസ്. ജോഷി, പി.ജെ. ജോസഫ്, തങ്ക, ഹംസ, ജോർജ്, ഒ.ജെ. ജോയി, മനു ജോസഫ്, ഷൈനി, ബാലരാജു, പി.സി. ഷൈജു, ബാബുകുട്ടൻ, രഞ്ജു ഏബ്രഹാം, ജി.എം.സി. കോണ്‍വന്റ്, സെന്റ് ജോസഫ്സ് പള്ളി, ഫ്രാൻസിസ്, ബോസ്, കെ.ടി. സ്കറിയ, ഇ.ജെ. ജോസ്, ജയകുമാർ, പ്രവീണ്‍, എം.കെ. കുഞ്ഞൂഞ്ഞ്, പ്രഭാകരൻ, ചിന്നമ്മ, പ്രകാശ്, മുഹമ്മദ് ആരിഫ്, ഷാജി, രാമചന്ദ്രൻ, നാരായണൻ, വിഗ്നേഷ് തുടങ്ങിയ 70 കുടുംബങ്ങളാണ് കുടിയിറക്ക് ഭീഷണിയിൽ അകപ്പെട്ടിരിക്കുന്നത്.
ഈ കുടുംബങ്ങളുടെ കൈവശത്തിലുള്ള അഞ്ച് സെന്റ് മുതൽ അഞ്ച് ഏക്കർ വരുന്ന ഭൂമിയാണ് റിസർവ് വനമായി പ്രഖ്യാപിച്ചിരിക്കുന്നത്. വീടുകൾ നിർമിച്ച് നീണ്ടകാലമായി താമസിച്ചു വരുന്ന കുടുംബങ്ങളാണിവർ. കൃത്യമായി സ്ഥല നികുതിയും വീട് നികുതിയും അടക്കുന്നുമുണ്ട്. അതിന്റെ രേഖകളും ഇവരുടെ കൈവശമുണ്ട്. മതിയായ രേഖകൾ ഇവരുടെ കൈവശം ഉണ്ടായിട്ടും ഇവരുടെ ഭൂമി അനധികൃതമായി വനംവകുപ്പ് പിടിച്ചെടുത്തതായി ഇവർ ആരോപിച്ചു. തമിഴ്നാട് സർക്കാരിനെതിരേ കർഷക രോഷം ശക്തമായിട്ടുണ്ട്. നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ-പന്തല്ലൂർ താലൂക്കുകളിലെ കർഷകരെ കുടിയിറക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന ആരോപണവും ഇതിനകം ഉയർന്നിട്ടുണ്ട്.
കൈവശ ഭൂമിക്ക് പട്ടയത്തിനായി ജനങ്ങൾ മുറവിളി കൂട്ടുന്നതിനിടെയാണ് ഇടിത്തീയായി ഇവിടുത്തെ കർഷക ഭൂമി പിടിച്ചെടുത്തിരിക്കുന്നത്. ഗൂഡല്ലൂർ മേഖലയിലെ ജന്മ നിലങ്ങൾ വനംവകുപ്പിന് കൈമാറാവുന്ന തരത്തിൽ തമിഴ്നാട് വനസംരക്ഷണ നിയമം 1982ലെ 16-ാം വകുപ്പ് ഭേദഗതി ചെയ്ത് 16-എ എന്ന ഉപവകുപ്പ് കൂട്ടിച്ചേർത്തിരിക്കുകയാണ്. ഇതുമൂലം ജനങ്ങൾ കൈവശം വച്ചിരിക്കുന്ന പാർപ്പിട സ്ഥലങ്ങൾ, സമുദായ നിലങ്ങൾ, മേച്ചിൽ നിലങ്ങൾ, അന്യാധീന നിലങ്ങൾ തുടങ്ങിയ ജൻമം സ്ഥലങ്ങൾ മുഴുവനും വനമേഖലയായി മാറ്റാനാണ് ഈ സെക്ഷൻ ഉദ്ദേശിക്കുന്നത്. ഈ നിയമം തമിഴ്നാട് നിയമസഭയിൽ പാസാക്കി നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇത് നടപ്പാക്കിയാൽ ഗൂഡല്ലൂരിലെ സിംഹ ഭാഗവും വനഭൂമിയായി മാറും. ജനങ്ങൾ സ്വമേധയാ കുടിയൊഴിഞ്ഞ് പോകേണ്ടി വരും.
ഓവാലി പഞ്ചായത്ത് പൂർണമായും വനഭൂമിയായി മാറും. ഇത്കാരണം ആയിരക്കണക്കിന് കർഷകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഈനിയമത്തിനെതിരേ കർഷകർ അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ്. പ്രസ്തുത പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ഇന്ന് ഉച്ചയ്ക്ക് 2.30ന് ബോസ്പറ പള്ളിക്ക് സമീപത്തെ സ്കൂളിൽ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.