വന്യമൃഗശല്യം: സീനിയർ ജേർണലിസ്റ്റ് ഫോറം സെമിനാർ നടത്തും
1568314
Wednesday, June 18, 2025 5:13 AM IST
കൽപ്പറ്റ: ജില്ലയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യമൃഗശല്യം വിഷയമാക്കി സെമിനാർ സംഘടിപ്പിക്കാൻ സീനിയർ ജേർണലിസ്റ്റ് ഫോറം കേരളയുടെ ജില്ലാ ഘടകം തീരുമാനിച്ചു. പ്രസിഡന്റ് പി.കെ. അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു.
വനം വകുപ്പ് ഉദ്യോഗസ്ഥർ, കർഷക സംഘടനാ പ്രതിനിധികൾ, പത്രപ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, ദുരിത ബാധിതർ ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് നടത്തുന്ന സെമിനാറിലെ നിർദേശങ്ങൾ പ്രശ്ന പരിഹാരത്തിനായി സർക്കാരിന് സമർപ്പിക്കുന്നതാണ്. ജൂലൈ 19ന് രണ്ടരയ്ക്ക് കൈനാട്ടി പത്മപ്രഭാ ലൈബ്രറിയിലെ എം.പി. വീരേന്ദ്രകുമാർ ഹാളിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
സെക്രട്ടറി ടി.വി. രവീന്ദ്രൻ, ട്രഷറർ പി. രാജഗോപാലൻ, സെക്രട്ടറിമാരായ പ്രദീപ് മാനന്തവാടി, കെ. സജീവൻ എന്നിവർ പ്രസംഗിച്ചു.