തവളകളെ കണ്ടും അറിഞ്ഞും സ്കൂൾ വിദ്യാർഥികൾ
1577297
Sunday, July 20, 2025 5:53 AM IST
കൽപ്പറ്റ: ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി പൂക്കോട് വെറ്ററിനറി കോളജ് കാന്പസിൽ സംഘടിപ്പിച്ച ഫ്രോഗ് വാച്ച് സ്കൂൾ വിദ്യാർഥികൾക്ക് തവളകളെ കാണാനും അറിയാനും അവസരമായി.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 30 കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. പച്ചിലപ്പാറൻ, പൊൻമുടിത്തവള, കാട്ടുമണവാട്ടി, പശ്ചിമഘട്ടത്തിൽ വയനാട്ടിൽ മാത്രമുള്ള മഴത്തുള്ളിത്തവള (ലൈക്കൻ ബുഷ് ഫ്രോഗ്), പാറമാക്രി തുടങ്ങിയ ഇനം തവളകളെയും വിവിധയിനം റ്റോഡുകളെയും പച്ചിലപ്പാന്പ് നീർക്കോലി, ഓന്തുകൾ തുടങ്ങിയ ഇനം ഉരഗങ്ങളെയും കുട്ടികൾ നിരീക്ഷിച്ചു.
നാച്യുറലിസ്റ്റും ഗവേഷകനുമായ ഉമേഷ് പാവുകണ്ടി നേതൃത്വം നൽകി. തവള വൈവിധ്യം, അവയുടെ ആവാസവ്യവസ്ഥാ സേവനങ്ങൾ, വെല്ലുവിളികൾ എന്നിവ അദ്ദേഹം കുട്ടികളോട് വിശദീകരിച്ചു. നാച്യുറലിസ്റ്റ് ഡേവിഡ് രാജു തവളകളെയും പരിസ്ഥിതിയിലെ മാറ്റം അവയിൽ വരുത്തുന്ന പ്രത്യാഘാതത്തെയും കുറിച്ച് ക്ലാസ് നൽകി.
പൂക്കോട് വെറ്ററിനറി കോളജ് അസിസ്റ്റന്റ് പ്രഫ. ഡോ. ആർ.എൽ. രതീഷ്, ഹ്യൂം സെന്റർ ഡയറക്ടർ സി.കെ. വിഷ്ണുദാസ്, ഡോ.ടി.ആർ. സുമ എന്നിവർ കുട്ടികൾക്ക് മാർഗനിർദേശം നൽകി. ഫ്രോഗ് വാച്ചിന്റെ ഭാഗമായി നടത്തിയ ആർട്ട് സെഷന് ആർട്ടിസ്റ്റ് ചിത്ര നേതൃത്വം നൽകി.