ദേശീയ സ്വച്ഛ് സർവേക്ഷൻ റാങ്കിംഗ്: മികച്ച പ്രകടനവുമായി കൽപ്പറ്റ, ബത്തേരി നഗരസഭകൾ
1577299
Sunday, July 20, 2025 5:53 AM IST
കൽപ്പറ്റ: ദേശീയ സ്വച്ഛ് സർവേക്ഷൻ റാങ്കിംഗിൽ മികച്ച പ്രകടനവുമായി കൽപ്പറ്റ, ബത്തേരി നഗരസഭകൾ. ജിഎഫ്സി(ഗാർബേജ് ഫ്രീ സിറ്റി) സ്റ്റാർ പദവിയും ഒഡിഎഫ് പ്ലസ് പ്ലസ് അവാർഡും കൽപ്പറ്റ നഗരസഭ നേടി. സ്മോൾ സിറ്റി കാറ്റഗറിയിൽ സംസ്ഥാനത്ത് 13-ാം റാങ്കും അഖിലേന്ത്യ തലത്തിൽ 289-ാം റാങ്കും കൽപ്പറ്റയ്ക്കാണ്.
സ്മോൾ സിറ്റി കാറ്റഗറിയിൽ സംസ്ഥാനത്ത് 16-ാം സ്ഥാനവും അഖിലേന്ത്യ തലത്തിൽ 379-ാം സ്ഥാനവും ബത്തേരി നേടി. സ്വച്ഛ് സർവേക്ഷൻ റാങ്കിംഗിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങളാണ് കൽപ്പറ്റ നഗരസഭയിൽ നടന്നതെന്ന് ചെയർമാൻ ടി.ജെ. ഐസക് പറഞ്ഞു. ജൈവ, അജൈവ മാലിന്യം കൃത്യമായി സംസ്കരിക്കാൻ നഗരസഭയ്ക്ക് സാധിക്കുന്നുണ്ട്.
കക്കൂസ് മാലിന്യം സംസ്കരിക്കാൻ കഴിവുള്ള എഫ്എസ്ടിപി, ജൈവമാലിന്യ സംസ്കരണത്തിനു വിൻഡോ കന്പോസ്റ്റിംഗ് യൂണിറ്റ്, റിസോഴ്സ് റിക്കവറി ഫെസിലിറ്റി തുടങ്ങിയവ വെള്ളാരംകുന്ന് ബയോപാർക്കിൽ പ്രവർത്തിക്കുന്നുണ്ട്. സാനിറ്ററി മാലിന്യ സംസ്കരണത്തിന് പ്ലാന്റ് അടുത്ത വർഷത്തോടെ സജ്ജമാകും.
ശുചിത്വം മുൻനിർത്തി ചിത്രനഗരി പദ്ധതി, തെളിമയുള്ള കൽപ്പറ്റ, ഹാൻഡ് റെയിൽ പെയിന്റിംഗ്, ഈ നഗരം നമ്മുടേത് മെഗാ കാന്പയിൻ, വഴിയോരങ്ങളിൽ വേസ്റ്റ് ബിന്നുകൾ, കൈമാറ്റക്കട, വേസ്റ്റ് ടു വണ്ടർ പാർക്ക് തുടങ്ങിയ പരിപാടികളും നഗരസഭ നടപ്പാക്കിയിട്ടുണ്ട്.
നഗരപരിധിയിൽ മാലിന്യക്കൂനകൾ പൂർണമായും ഇല്ലാതാക്കാൻ കൃത്യമായ പദ്ധതികളാണ് ബത്തേരി നഗരസഭ നടപ്പാക്കിയതെന്നു ചെയർമാൻ ടി.കെ. രമേശ് പറഞ്ഞു.
ക്ലീനിംഗ് കാന്പയിനുകൾ, മനുഷ്യച്ചങ്ങല, ജാഗ്രത റാലികൾ, ഫ്ളാഷ് മോബുകൾ, പ്രചാരണ വാഹനറാലി, ചിത്രരചനാ മത്സരം, ഹരിത കർമസേനാംഗങ്ങൾ, ശുചിത്വ തൊഴിലാളികൾ എന്നിവർക്ക് പ്രത്യേക പരിശീലനം, തൊഴിലാളികൾക്ക് മെഡിക്കൽ കാന്പ്, നഗരപരിധിയിൽ ഐഇസി ബോർഡുകൾ,
മതിലുകളിൽ ശുചിത്വ സന്ദേശങ്ങൾ, ചുമർചിത്രങ്ങൾ, റെഡ്യൂസ് റീയൂസ് റീ സൈക്കിൾ സെന്റർ, പൊതുശൗചാലയങ്ങളിലേക്ക് ദിശാ ബോർഡ് സ്ഥാപിക്കൽ, ഫീഡ്ബാക്ക് സംവിധാനം, ജലാശയങ്ങൾ വൃത്തിയാക്കൽ, മാലിന്യം വലിച്ചെറിയുന്നതിന് പിഴ, ഓവുചാലുകളിലും വെള്ളച്ചാലുകളിലും ട്രാഷ് അറസ്റ്ററുകൾ സ്ഥാപിക്കൽ തുടങ്ങിയവ നഗരസഭ നടത്തി.