പശുവിനെയും രണ്ട് പശുക്കുട്ടികളെയും കാണാതായി, മൂരിക്കുട്ടൻ പരിക്കേറ്റ നിലയിൽ; പുലികളുടെ ആക്രമണമെന്നു സംശയം
1577302
Sunday, July 20, 2025 5:53 AM IST
സുൽത്താൻ ബത്തേരി: മേയാൻവിട്ട പശുവിനെയും രണ്ട് പശുക്കുട്ടികളെയും കാണാതായി. ഒപ്പമുണ്ടായിരുന്ന മുരിക്കുട്ടനെ പരിക്കേറ്റ നിലയിൽ കണ്ടെത്തി.
കന്നുകാലികളെ പുലികൾ ആക്രമിച്ചെന്ന സംശയത്തിൽ ഉടമ. കുന്താണി റാട്ടക്കുണ്ട് കൗണ്ടത്ത് നൗഷാദിന്റെ രണ്ട് വയസിനടുത്ത് പ്രായമുള്ള പശുവിനെയും ആറും, ഏഴും മാസം പ്രായമുള്ള പശുക്കുട്ടികളെയുമാണ് കാണാതായത്.
രണ്ട് വയസുള്ളതാണ് മുറിവേറ്റ നിലയിൽ കണ്ട മൂരിക്കുട്ടൻ. പുലി ആക്രമണത്തിലാണ് മൂരിക്കുട്ടനു പരിക്കേറ്റതെന്നു കരുതുന്നതായി നൗഷാദ് പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരമാണ് പശുവിനെയും പശുക്കുട്ടികളെയും കാണാതായതും മൂരിക്കുട്ടനു പരിക്കേറ്റതും നൗഷാദിന്റെ ശ്രദ്ധയിൽപ്പെട്ടത്.
കന്നുകാലികളെ മേയാൻ വിട്ടതിനടുത്ത് പതിഞ്ഞ കാൽപ്പാടുകൾ പുലിയുടേതാണെന്ന് വനപാലകർ സ്ഥിരീകരിച്ചതായി നൗഷാദ് പറഞ്ഞു.പശുഫാം നടത്തുന്ന നൗഷാദ് വെള്ളിയാഴ്ച പകൽ മഴ ശമിച്ചപ്പോഴാണ് മേയുന്നതിന് വീടിനു കുറച്ചകലെ പശുവിനെയും മൂരിക്കുട്ടനെയും കെട്ടുകയും പശുക്കുട്ടികളെ അഴിച്ചുവിടുകയും ചെയ്തത്. വൈകുന്നേരം തൊഴുത്തിൽ കയറ്റുന്നതിനു ചെന്നപ്പോൾ പശുവിനെയും പശുക്കുട്ടികളെയും കാണാനുണ്ടായിരുന്നില്ല.
കഴുത്തിലും ചുമലിലും ആഴത്തിൽ മുറിവേറ്റ നിലയിലായിരുന്നു മൂരിക്കുട്ടൻ. ഒന്നിലധികം പുലികളാണ് കാലികളെ പിടിച്ചതെന്നു നൗഷാദ് കരുതുന്നു. കാണാതായ പശുവിനും പശുക്കുട്ടികൾക്കുംവേണ്ടി നടത്തിയ തെരച്ചിൽ ഫലം ചെയ്തില്ല. വനത്തിൽ ഡ്രോണ്‍ സഹായത്തോടെ തെരച്ചിൽ നടത്താനാണ് നൗഷാദിന്റെ തീരുമാനം.