കൽപ്പറ്റ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അധ്യാപകർ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി 20ന് ഡിഡിഇ ഓഫീസ് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ശക്തിപ്പെടുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ നിലപാടുകൾക്ക് കരുത്ത് പകരുക, ശന്പളപരിഷ്കരണ നടപടികൾ ആരംഭിക്കുക, കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക, വിദ്യാഭ്യാസ മേഖലക്കുള്ള കേന്ദ്ര വിഹിതം വർധിപ്പിക്കുക, വർഗീയത ചെറുക്കുക, മതനിരപേക്ഷത സംരക്ഷിക്കുക, മികവിനായുള്ള വിദ്യാഭ്യാസം വിദഗ്ധ സമിതി റിപ്പോർട്ട് ചർച്ച ചെയ്ത് നടപ്പാക്കുക, മാനേജർമാരുടെ ശിക്ഷാധികാരം എടുത്ത് കളയുക, എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം പിഎസ്സിക്ക് വിടുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പാഠപുസ്തകം, ഉച്ചഭക്ഷണം, യൂണിഫോം എന്നിവ സൗജന്യമായി നൽകുന്നത് ഹയർസെക്കൻഡറി തലം വരെ വ്യാപിപ്പിക്കുക, മുഴുവൻ സ്കൂളുകളിലും പ്രീപ്രൈമറി ആരംഭിക്കുക, എല്ലാ വിദ്യാലയങ്ങളിലും കലാകായികപ്രവൃത്തിപരിചയ അധ്യാപകരുടെ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുക, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള റിസോഴ്സ് അധ്യാപക നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും നടത്തുന്നത്.
രാവിലെ 10ന് കൽപ്പറ്റ എച്ച്ഐഎംയുപി സ്കൂൾ ഗ്രൗണ്ടിൽ നിന്ന് മാർച്ച് ആരംഭിക്കും. ബത്തേരി, മാനന്തവാടി, വൈത്തിരി ഉപജില്ലാ കമ്മിറ്റികളുടെയും പനമരം ഏരിയാ കമ്മിറ്റിയുടെയും കീഴിൽ ജില്ലയിലെ മുന്നൂറോളം യൂണിറ്റുകളിൽ നിന്നുള്ള അധ്യാപകർ മാർച്ചിൽ അണിനിരക്കും. മാർച്ചും ധർണയും സി.കെ. ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
വാർത്താസമ്മേളനത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ.എ. വിജയകുമാർ, ജില്ലാ സെക്രട്ടറി പി.ജെ. ബിനേഷ്, ജില്ലാ പ്രസിഡന്റ് പി.ജെ. സെബാസ്റ്റ്യൻ, ജില്ലാ വൈസ് പ്രസിഡന്റ് പി.പി. അനിത എന്നിവർ പങ്കെടുത്തു.