സുൽത്താൻ ബത്തേരി: എം.പി. വീരേന്ദ്രകുമാർ എംപി മതേതരത്വത്തിന്റെയും മാനവികതയുടെയും സമഭാവനയുടെയും ആൾരൂപമായിരുന്നുവെന്ന് കെസിബിസി സെക്രട്ടറി ജനറലും മലങ്കര കത്തോലിക്ക സഭ ബത്തേരി രൂപതാധ്യക്ഷനുമായ ഡോ. ജോസഫ് മാർ തോമസ് അനുസ്മരിച്ചു.
സാഹിത്യത്തിലും കലയിലും സംസ്കാരത്തിലുമെല്ലാം അദ്ദേഹത്തിന്റെ പാദമുദ്രകൾ തെളിഞ്ഞു കിടക്കുന്നു. ആ മഹാനുഭാവന്റെ ഓർമയ്ക്ക് മുന്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി ബിഷപ് അനുശോചനക്കുറിപ്പിൽ പറഞ്ഞു.
സി.കെ.ശശീന്ദ്രൻ എംഎൽഎ
കൽപ്പറ്റ: വയനാട്ടിൽനിന്നു ഉയർന്നുവന്ന ദേശീയനേതാവാണ് എം.പി.വീരേന്ദ്രകുമാർ എംപിയെന്നു സി.കെ. ശശീന്ദ്രൻ എംഎൽഎ അനുശോചനസന്ദേശത്തിൽ പറഞ്ഞു.
സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ തിളങ്ങിയ വ്യക്തിയാണ് അദ്ദേഹം. എക്കാലത്തും ഇടതുപക്ഷ മനസാണ് വീരേന്ദ്രകുമാറിനുണ്ടായിരുന്നത്. വയനാടിന്റെ വികസത്തിൽ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. സാഹിത്യ, പരിസ്ഥിതി മേഖലകളിലും വീരേന്ദ്രകുമാറിന്റെ സംഭാവനകൾ വിലപ്പെട്ടതാണ്. അദ്ദേഹത്തിന്റെ വേർപാട് വയനാടിനെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണെന്നും എംഎൽഎ പറഞ്ഞു.
ഐ.സി.ബാലകൃഷ്ണൻ
എംഎൽഎ
കൽപ്പറ്റ: വയനാടിന്റെ സമഗ്രവികസനത്തിനു അഹോരാത്രം പ്രവർത്തിച്ച ധീരനായ നേതാവാണ് എം.പി. വീരേന്ദ്രകുമാറെന്നു ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
സാഹിത്യകാരൻ, പ്രഭാഷകൻ, ചിന്തകൻ, പരിസ്ഥിതി സംരക്ഷകൻ എന്നീ നിലകളിൽ കേരളത്തിലും പുറത്തും ജനഹൃദയങ്ങളിൽ ഇടംപിടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. കർഷകർക്കും കർഷകത്തൊഴിലാളികൾക്കും വേണ്ടി എക്കാലവും അദ്ദേഹം നിലകൊണ്ടിട്ടുണ്ട്. വീരേന്ദ്രകുമാറിന്റെ വിയോഗം രാജ്യത്തിനു തീരാനഷ്ടമാണെന്നും ബാലകൃഷ്ണൻ പറഞ്ഞു.
ഒ.ആർ. കേളു എംഎൽഎ
മാനന്തവാടി: പൊതുപ്രവർത്തകൻ, ജനപ്രതിനിധി, ഭരണാധികാരി, പത്രാധിപർ, പ്രഭാഷകൻ, എഴുത്തുകാരൻ തുടങ്ങിയ എല്ലാ രംഗത്തും ശോഭിച്ച വ്യക്തിയായിരുന്നു എം.പി. വീരേന്ദ്രകുമാർ എംപി എന്ന് ഒ.ആർ. കേളു എംഎൽഎ.
എം.എ. യൂസഫലി
കൽപ്പറ്റ: സാന്പത്തിക ശാസ്ത്ര വിദഗ്ധൻ എന്നതിനു പുറമേ കേരളത്തിന്റെ രാഷ്ട്രീയ, സാംസ്കാരിക, സാഹിത്യ, മാധ്യമ രംഗങ്ങളിലെ പ്രഗദ്ഭനായ ഒരു വ്യക്തിത്വത്തിന്റെ ഉടമകൂടിയായിരുന്നു എം.പി. വീരേന്ദ്രകുമാർ എന്ന് പ്രമുഖ വ്യവസായി എം.എ. യൂസഫലി. പലകാര്യങ്ങളിലും അദ്ദേഹത്തിന്റെ ഉപദേശം തേടാറുണ്ടായിരുന്നു.
ഇപ്പോഴത്തെ സവിശേഷമായ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ഭൗതികദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ സാധിക്കാത്തതിൽ അതിയായ ദു:ഖമുണ്ടെന്നും ദൈവം നിത്യശാന്തി നൽകട്ടെയെന്നും യൂസഫലി അനുശോചനക്കുറിപ്പിൽ പറഞ്ഞു.ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് വേണ്ടി
ലുലു ഗ്രൂപ്പ് റിജണൽ ഡയറക്ടർ പി.പി. പക്കർ കോയ, ലുലു ഗ്രൂപ്പ് മീഡിയ കോഓർഡിനേറ്റർ എൻ.ബി. സ്വരാജ് എന്നിവർ മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു.
വയനാട് കാർഷിക
പുരോഗമനസമിതി
കൽപ്പറ്റ: എം.പി. വീരേന്ദ്രകുമാർ എംപിയുടെ നിര്യാണത്തിൽ വയനാട് കാർഷിക പുരോഗമനസമിതി അനുശോചിച്ചു. കർഷക കുടുംബത്തിൽ പിറക്കുകയും സാധാരണ കൃഷിക്കാരുടെ മനസറിയുകയും ചെയ്ത ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹമെന്നു യോഗം അനുസ്മരിച്ചു.
ഡോ.പി. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ പി.എം. ജോയി, വി.പി. വർക്കി, ഗഫൂർ വെണ്ണിയോട്, വി. എം. വർഗീസ്,ക ണ്ണിവെട്ടം കേശവൻചെട്ടി, പി. വേണുഗോപാൽ, വത്സ ചാക്കോ, പ്രഫ.താര ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
യാക്കോബായ സഭ
മീനങ്ങാടി:എം.പി. വിരേന്ദ്രകുമാർ എംപിയുടെ വിയോഗത്തിലൂടെ യാക്കോബായ സഭയ്ക്കു നഷ്ടമായതു ഉത്തമ സ്നേഹിതനെയാണെന്നു മലബാർ ഭദ്രാസന ആസ്ഥാനത്തു ചേർന്ന അനുശോചനയോഗം അഭിപ്രായപ്പെട്ടു. മീനങ്ങാടിയിൽ സഭയുടെ ആസ്ഥാനമന്ദിരമുണ്ടായതുമുതൽ വിരേന്ദ്രകുമാർ ഭദ്രാസനാധിപരും വൈദികരുമായി ഉൗഷ്മളബന്ധം സൂക്ഷിച്ചിരുന്നു. വയനാടിന്റെ കാർഷിക വിഷയങ്ങളിൽ സഭ നടത്തിയ ഇടപെടലുകളിൽ അദ്ദേഹത്തിന്റെ പിന്തുണ ലഭിച്ചതായും യോഗം അനുസ്മരിച്ചു. ഭദ്രാസനാധിപൻ സഖറിയാസ് മോർ പോളികാർപ്പോസ് അധ്യക്ഷത വഹിച്ചു.
ഭദ്രാസന സെക്രട്ടറി ഫാ.ഡോ.മത്തായി അതിരംപുഴയിൽ,സഭ വർക്കിംഗ് കമ്മിറ്റിയംഗം ഫാ.ഡോ.ജേക്കബ് മിഖായേൽ പുല്യാട്ടേൽ, വർക്കിംഗ് സെക്രട്ടറി ഫാ.ബാബു നീറ്റുംങ്കര, വൈദിക സെക്രട്ടറി ഫാ.ജോർജ് കവുംങ്ങുംപള്ളി, ജോയിന്റ് സെക്രട്ടറി ജോണ്സണ് കോഴാലിൽ എന്നിവർ പ്രസംഗിച്ചു.