ഉ​ത്പാ​ദ​ന​ക്കു​റ​വും വി​ല​ത്ത​ക​ർ​ച്ച​യും; പ്ര​തീ​ക്ഷ​യ​റ്റ് റ​ബ​ർ​ക​ർ​ഷ​ക​ർ
Friday, October 7, 2022 12:58 AM IST
കേ​ള​കം: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് റ​ബ​ർ മ​ര​ങ്ങ​ളു​ടെ ഇ​ല​ക​ൾ​ കൊഴിയുന്നതും ഇതുമൂലമുള്ള ഉത്പാദനക്കുറവും കർഷകരെ തളർത്തുന്നു. ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ ആ​ഴ്ച​ക​ളോ​ളം നി​ർ​ത്താ​തെ പെ​യ്ത മ​ഴ​യെ തു​ട​ർ​ന്ന് ഇ​ല​ക്ക​ണ്ണി​ക​ളെ വ്യാ​പ​ക​മാ​യ തോ​തി​ൽ ഫം​ഗ​സ് ബാ​ധി​ച്ച​താ​ണ് മേ​ഖ​ല​യി​ലെ തോ​ട്ട​ങ്ങ​ളി​ലെ ഇ​ല​കൊ​ഴി​ച്ചി​ലി​നു കാ​ര​ണം. ഇ​ല​യി​ല്ലാ​താ​യ​തോ​ടെ മാ​നം തെ​ളി​ഞ്ഞ​പ്പോ​ൾ ടാ​പ്പിം​ഗ് ആ​രം​ഭി​ച്ച ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്ന​ത് മൂ​ന്നി​ലൊ​ന്ന് ഉ​ത്പാ​ദ​നം മാ​ത്ര​മാ​ണ്.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം ഇ​ല കൊ​ഴി​ഞ്ഞ മ​ര​ങ്ങ​ൾ വീ​ണ്ടും ത​ളി​രി​ടു​ന്നു​മി​ല്ല. ഇ​നി ത​ളി​രി​ല വ​ന്ന് മൂ​പ്പാ​കു​മ്പോ​ഴേ​യ്ക്കും ഡി​സം​ബ​ർ അ​വ​സാ​ന​മു​ണ്ടാ​കാ​റു​ള​ള ശി​ശി​ര​കാ​ല ഇ​ല കൊ​ഴി​ച്ചി​ലും ഉ​ണ്ടാ​കും. വീ​ണ്ടും വേ​ന​ൽ​ക്കാ​ല ഇ​ട​വേ​ള​യ്ക്കാ​യി ടാ​പ്പിം​ഗ് നി​ർ​ത്ത​ണം. അ​തി​നാ​ൽ ഇ​ക്കൊ​ല്ലം കാ​ര്യ​മാ​യ വ​രു​മാ​ന​പ്ര​തീ​ക്ഷ​യി​ല്ല.

തു​ട​ക്ക​ത്തി​ൽ 178 രൂ​പ​വ​രെ വി​ല​യു​ണ്ടാ​യി​രു​ന്ന​ത് ഇ​ടി​ഞ്ഞ് 145 രൂ​പ വ​രെ താ​ഴ്ന്നി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി 152 രൂ​പ വ​രെ തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്. ഇ​തു നി​ല​നി​ൽ​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. വിലയിടിക്കാൻ ടയർലോബി ശക്തമായ സമ്മർദമാണു നടത്തുന്നത്.

വി​ല കു​റ​ഞ്ഞ​തോ​ടെ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന തോ​ട്ട​ങ്ങ​ളി​ലെ ടാ​പ്പിം​ഗ്‌ നി​ർ​ത്തിയിരിക്കുകയാണ്. ക​ഴി​ഞ്ഞ ജൂ​ൺ മാ​സം മു​ത​ൽ ടാ​പ്പിം​ഗ് ആ​രം​ഭി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ മി​ക്ക തോ​ട്ട​ങ്ങ​ളി​ലും റ​ബ​റി​ന് നേ​ര​ത്തേ​ത​ന്നെ ക​ർ​ഷ​ക​ർ പ്ലാ​സ്റ്റി​ക് ഷെ​യ്ഡി​ട്ടി​രു​ന്നു. എ​ന്നാ​ൽ ജൂ​ൺ, ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ ഇ​ട​മു​റി​യാ​തെ പെ​യ്ത മ​ഴ കാ​ര​ണം ഷേ​യ്ഡി​ട്ട തോ​ട്ട​ങ്ങ​ളി​ൽ പോ​ലും ടാ​പ്പിം​ഗ് ന​ട​ന്നി​ല്ല.

മ​ഴ കു​റ​ഞ്ഞ​തോ​ടെ പ്ലാ​സ്റ്റി​ക് ഷേ​യ്ഡു​ക​ൾ മു​ഴു​വ​ൻ വി​ട്ടി​ലു​ക​ൾ വെ​ട്ടി​യും മ​റ്റും ന​ശി​ച്ചു. ഇ​നി കി​ട്ടു​ന്ന​താ​ക​ട്ടേ​യെ​ന്നു ചി​ന്തി​ച്ച് ടാ​പ്പിം​ഗി​നി​റ​ങ്ങി​യ​ർ​വ​ർ​ക്കു മ​ഴ പാ​ര​യാ​യി. റ​ബ​ർ ക​ർ​ഷ​ക​ർ​ക്കും ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മാ​യി പ്ര​ത്യേ​ക സ​ഹാ​യ​ധ​ന പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​ണ് മ​ല​യോ​ര​ത്തെ ചെ​റു​കി​ട ഇ​ട​ത്ത​രം റ​ബ​ർ​ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.