ചുരമിറങ്ങി ലിറ്റ്വിൻ ബാബു ചിത്രപ്രതിഭയായി മടക്കം
1274126
Saturday, March 4, 2023 1:06 AM IST
തലശേരി: വയനാടൻ ചുരമിറങ്ങി കലോത്സവ നഗരിയിലെത്തിയ ലിറ്റ്വിൻ ബാബു ചിത്രപ്രതിഭയായാണ് മടങ്ങുന്നത്. മാനന്തവാടി ഗവ. കോളജിലെ മൂന്നാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർഥിയാണ് ലിറ്റ്വിൻ. പെൻസിൽ ഡ്രോയിംഗ്, ചാർക്കോൾ എന്നിവയിൽ ഒന്നാം സ്ഥാനവും കൊളാഷ്, ഓയിൽ പെയിന്റിംഗ് എന്നിവയിൽ രണ്ടാം സ്ഥാനവും നേടിയാണ് വയനാടൻ മണ്ണിലേക്ക് ഈ നേട്ടം ലിറ്റ്വിൻ വരച്ചു ചേർത്തത്. 28 പോയിന്റ് നേടിയാണ് ചിത്ര പ്രതിഭയായത്. 14 വർഷമായി ചിത്രരചനയിൽ സജീവമാണ് ലിറ്റ്വിൻ. ഭരതാ ഇൻസ്റ്റിറ്റ്യൂട്ടിലിയിലായിരുന്നു പരിശീലനം. പരേതനായ ബാബുവിന്റെയും ശോഭയുടെയും മകനാണ്.
നങ്ങ്യാർകൂത്തിൽ സിനിമാ താരവും
തലശേരി: നങ്ങ്യാർകൂത്ത് മത്സരാർഥികളിൽ സെലിബ്രിറ്റിയായി സിനിമാ താരം നിഹാരിക എസ്. മോഹൻ. ചാലക്കുടിക്കാരൻ ചങ്ങാതി, ആകാശഗംഗ 2 എന്നീ സിനിമകളിലൂടെ അഭിനയ രംഗത്തേക്ക് ചുവടുവച്ച നിഹാരിക കലോത്സവത്തിലും തിളങ്ങി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇന്നും നാളെയും നടക്കുന്ന കഥകളി, ഓട്ടംതുള്ളൽ, കേരള നടനം, ഒപ്പന മത്സരങ്ങളിലും മത്സരിക്കുന്നുണ്ട്. 2016 മുതൽ തുടർച്ചയായി മൂന്നുവർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാമതെത്തിയിരുന്നു. 2016ൽ നങ്ങ്യാർകൂത്തിൽ സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ മാർക്കും നേടി. ഇതിനു പുറമെ നാടകത്തിലും നിഹാരിക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. 2015ൽ റിക്കാർഡ് ഫോറം നടത്തിയ സോളോ നാടക മത്സരത്തിൽ വിദ്യാർഥി കാറ്റഗറിയിൽ നാഷണൽ ലെവലിൽ റിക്കാർഡ് നേടിയിട്ടുണ്ട്. കണ്ണൂർ കൃഷ്ണ മേനോൻ വനിതാ കോളജിലെ രണ്ടാം വർഷ എംഎ എക്കണോമിക്സ് രണ്ടാം വർഷ വിദ്യാർഥിനിയാണ് നിഹാരിക.