ഒറ്റക്കാലിലല്ല ഇനി ‘വിസ്മയ'ച്ചുവടുകള്‍
1299177
Thursday, June 1, 2023 1:02 AM IST
കണ്ണൂർ: ചുവടുകൾക്കൊത്ത് കൃത്രിമ കാല് വഴങ്ങാന്‍ മടിച്ചതോടെയാണ് വിസ്മയ ഒറ്റക്കാലില്‍ നൃത്തം തുടങ്ങിയത്. 700 ഓളം വേദികളില്‍ ഒറ്റക്കാലില്‍ നൃത്തം ചെയ്ത് അവള് സ്വയം വിസ്മയമായി. അപ്പോഴും ഇരുകാലും വേദിയില്‍ ഉറപ്പിക്കാന്‍ പറ്റിയ വഴക്കമുള്ളൊരു പൊയ്ക്കാലിനായി വിസ്മയ കൊതിച്ചു. അത് യാഥാർഥ്യമായതിന്റെ ആഹ്ലാദത്തിലാണ് ഈ യുവ നര്‍ത്തകി. ജില്ലാ പഞ്ചായത്തും ജില്ലാ ആശുപത്രിയും ചേര്‍ന്ന് ആധുനിക കാല് നല്കുന്ന പദ്ധതിയിലാണ് വിസ്മയയ്ക്ക് കൃത്രിമക്കാൽ ലഭിച്ചത്.
തളിപ്പറമ്പ് പട്ടുവം സ്വദേശിനിയായ വിസ്മയക്ക് ജന്മനാ വലത് കാലില്ലായിരുന്നു. നാലാം വയസില്‍ കൂട്ടുകാര്‍ക്കൊപ്പം നൃത്തം ചെയ്യാന്‍ പോയെങ്കിലും മാറ്റി നിര്‍ത്തപ്പെട്ടു. നൃത്തം പഠിപ്പിക്കാന്‍ അധ്യാപകരും വിസമ്മതിച്ചു. ആ വേദനയോടെ പൊയ്ക്കാലില്‍ തുടങ്ങിയ നൃത്തം വേദികള്‍ കടന്ന് വിദേശങ്ങളില്‍ വരെ എത്തി. ചെന്നൈ, പഞ്ചാബ്, ഛത്തീസ്ഗഢ്, മുംബൈ, ഖത്തര്‍ എന്നിവിടങ്ങളില്‍ ഒറ്റക്കാലില്‍ നൃത്തമാടി ഏവരെയും അത്ഭുതപ്പെടുത്തി. സിനിമാറ്റിക്ക് ഡാന്‍സ്, ഭരതനാട്യം, കുച്ചുപ്പുടി, നാടോടിനൃത്തം അങ്ങനെ വഴങ്ങാന്‍ മടിച്ച എല്ലാ നൃത്ത രീതിയും ഈ 21കാരിയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ അടിയറവ് പറഞ്ഞു. കുറവുകളെ സാധ്യതയാക്കി മാറ്റിയ വിസ്മയക്ക് അറിയപ്പെടുന്ന നര്‍ത്തകിയാകാനാണ് മോഹം. ചുവടുവെക്കാന്‍ പ്രയാസമായതോടെയാണ് കൃത്രിമക്കാല്‍ ഉപേക്ഷിച്ചതെന്നും അനായാസം ചലിപ്പിക്കാനാകുന്ന കാല് ലഭിച്ചത് നൃത്തത്തിന് ഏറെ ഗുണം ചെയ്യുമെന്നും അവര്‍ പറഞ്ഞു. പരിയാരം ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ ഈ മിടുക്കി പട്ടുവം സ്വദേശി എം.വി. മനോഹരൻ-പി.പി. ദീപ ദമ്പതികളുടെ മകളാണ്.
ജന്മനാ കാലില്ലാത്തവർ, അപകടത്തിൽ കാല് നഷ്ടപ്പെട്ടവർ തുടങ്ങിയ ഇരുപത് പേർക്ക് ജില്ലാ പഞ്ചായത്തും ജില്ലാ ആശുപത്രിയും ചേര്‍ന്ന് ആധുനിക കൃത്രിമക്കാല്‍ നൽകുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ. രത്നകുമാരി അധ്യക്ഷത വഹിച്ചു.