പയ്യന്നൂര്: നഗരത്തിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്നിന്ന് മൂന്നുലക്ഷത്തോളം രൂപയുടെ സാധനങ്ങള് കടത്തിയ സംഭവത്തില് രണ്ടുപേര് പിടിയില്. മുഖ്യസൂത്രധാരന് ഒളിവില്. കാറമേലിലെ എം.അമീറലിയുടെ അല് അമീന് ട്രേഡേഴ്സില് കഴിഞ്ഞമാസം 14ന് രാത്രി നടത്തിയ കവര്ച്ചയിലെ പ്രതികളായ കാസര്ഗോഡ് പിലിക്കോട് മാങ്കടവത്ത് കൊവ്വലിലെ എ.വിനോദ് (41), കയ്യൂര് കണ്ടത്തിലമ്മ അറയുടെ സമീപവാസിയും ഇപ്പോള് തളിപ്പറമ്പിലെ ക്വാര്ട്ടേഴ്സിലെ താമസക്കാരനുമായ മാങ്ങോട്ടിടത്ത് അഖില് (35) എന്നിവരെയാണ് പയ്യന്നൂര് എസ്ഐ എം.വി.ഷീജുവും സംഘവും പിടികൂടിയത്.
അഖിലിനെ തളിപ്പറമ്പില്നിന്നും വിനോദിനെ പയ്യന്നൂര് പഴയ ബസ്സ്റ്റാൻഡിൽ നിന്നുമാണ് പിടികൂടിയത്.അല് അമീന് ട്രേഡേഴ്സിന്റെ പിന്വശത്തെ ചുമര് തുരന്ന് കല്ല് ഇളക്കി മാറ്റി വാതിലുള്പ്പെടെ കുത്തി തുറന്നാണ് ഒന്നര ക്വിന്റൽ കുരുമുളക്, നാല് ക്വിന്റൽ അടയ്ക്ക, ചാക്കുകളില് നിറച്ചുവച്ചിരുന്ന കൊപ്ര ശേഖരം, അഞ്ച് ബോക്സ് വെളിച്ചെണ്ണ തുടങ്ങി മൂന്നു ലക്ഷം രൂപയോളം വരുന്ന സാധനങ്ങള് മോഷ്ടിച്ചത്. കോടതിയില് ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കവര്ച്ച ആസൂത്രണം ചെയ്തയാളേയും മോഷ്ടാക്കള് കടത്തിക്കൊണ്ടുപോയ സാധനങ്ങളും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.