പോലീസ് സ്റ്റേഷനിൽ അഞ്ച് വയസുകാരന് ആഗ്രഹസാഫല്യം
1335222
Wednesday, September 13, 2023 12:35 AM IST
ചെമ്പേരി: പോലീസിനെക്കുറിച്ചുള്ള വിവരങ്ങളറിയാൻ അഞ്ചുവയസുകാരൻ അച്ഛനൊപ്പം സ്റ്റേഷനിൽ നേരിട്ടെത്തിയത് കൗതുകമായി. ചെമ്പേരി സെന്റ് തോമസ് പബ്ലിക് സ്കൂളിലെ യുകെജി വിദ്യാർഥിയായ ഏനോസ് സ്കറിയ ജോബിഷാണ് "പോലീസ് സ്റ്റേഷനിൽ പോകണ'മെന്ന വാശിയിൽ പിതാവിനെ സ്റ്റേഷനിലെത്തിച്ചത്. ഏനോസ് പിതാവുമൊത്ത് കാറിൽ യാത്ര ചെയ്തിട്ടുള്ള പല അവസരങ്ങളിലും പരിശോധനയുടെ ഭാഗമായി പോലീസ് വാഹനം നിർത്തിച്ച് രേഖകൾ പരിശോധിച്ചിരുന്നു. അപ്പോൾ തുടങ്ങിയതാണ് പോലീസിനെക്കുറിച്ചറിയാനുള്ള ഏനോസിന്റെ കൗതുകം. പിന്നീടത് പോലീസ് സ്റ്റേഷൻ കാണണമെന്ന് വാശിയായി മാറി.
തുടർന്നാണ് എഐവൈഎഫ് ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റായ ജോബിഷ് ചെമ്പേരിയാണ് മകനോടൊപ്പം കുടിയാന്മല പോലീസ് സ്റ്റേഷനിലെത്തിയത്. പോലീസുകാർ വാത്സല്യത്തോടെ സ്വീകരിച്ച് ഏനോസിന്റെ കുഞ്ഞുകുഞ്ഞു സംശയങ്ങൾക്ക് മറുപടി നൽകി. പോലീസ് സ്റ്റേഷന്റെ വിവിധ ഭാഗങ്ങളും കുറ്റവാളികളെ താമസിപ്പിക്കുന്ന ലോക്കപ്പ് മുറിയും മറ്റും കണ്ടാണ് ഒടുവിൽ വീട്ടിലേക്ക് മടങ്ങിയത്.