കാഞ്ഞങ്ങാട്: ബൈക്കില്‍ എത്തി സ്വര്‍ണമാല മോഷണം നടത്തുന്ന സംഘം പോലീസ് പിടിയിലായി. പാലക്കുന്ന് വെടിത്തറക്കാലിലെ എച്ച്.എം. മുഹമ്മദ് ഇജാസ് (24), പനയാല്‍ ചെര്‍ക്കാപ്പാറയിലെ ഇബ്രാഹിം ബാദുഷ (25), കൂട്ടാളിയായ കുണിയയിലെ അബ്ദുള്‍ നാസര്‍ (24) എന്നിവരെയാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണന് നായരുടെ നേതൃത്വത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം പത്തിന് മടിക്കൈ ചതുരകിണറിലെ മടിക്കൈ സര്‍വീസ് സഹകരണ ബാങ്ക് സായാഹ്ന ശാഖയ്ക്ക് സമീപത്ത് അനാദി കട നടത്തുന്ന സി.പി. സുരേഷിന്റെ ഭാര്യ ബേബി (50)യുടെ കഴുത്തില്‍ നിന്ന് മൂന്നു പവന്റെ മാല പറിച്ചെടുത്ത കേസിലാണ് അറസ്റ്റ്.
കുപ്പിവെളളം ആവശ്യപ്പെട്ട് കടയില്‍ എത്തിയ ഇവര്‍ വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്ന ഉടന്‍ തന്നെ ഡിവൈഎസ്പി ബാലകൃഷ്ണന് നായര്‍, ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ.പി.ഷൈന്‍, എസ്ഐ രാജീവന്, എഎസ്ഐ അബൂബക്കര്‍ കല്ലായി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രതീഷ്, ഷൈജു മോഹന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അജിത്, രജീഷ്, നികേഷ്, ഷാജു, ജിനേഷ്, ഷജീഷ്, പ്രണവ് എന്നിവര്‍ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഇവര്‍ ചെറുവത്തൂര്‍ മുതല്‍ തളങ്കര വരെയുള്ള ഭാഗങ്ങളിലെ സിസിടിവി കാമറകളും ഇത്തരം കേസുകളില്‍ സംശയിക്കുന്ന ആളുകളെയും സൂക്ഷ്മ നിരീക്ഷണം നടത്തി വരികയും ചെയ്തു.
അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ രാവും പകലുമായി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റുമായി 480 ല്‍ അധികം സിസിടിവി കാമറകള്‍ സംഘം പരിശോധന നടത്തി. സംഭവം നടന്നു പത്തു ദിവസത്തിനകം തന്നെ പ്രതികളെ പിടികൂടാന്‍ പോലീസിനായി.
പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ബേഡകം പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട കരുവിഞ്ചിയം എന്ന സ്ഥലത്തു ഫെബ്രുവരി രണ്ടിന് റോഡില്‍ കൂടി നടന്നു പോവുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ച കേസ്, മാര്‍ച്ച് 26ന് പടുപ്പിലെ ആയുര്‍വേദമരുന്ന് കടയുടെ അകത്തു കയറി മാല പൊട്ടിച്ച കേസ്, ഓഗസ്റ്റ് ആറിന് ചേരിപ്പാടി നാഗത്തിങ്കാല്‍ എന്ന സ്ഥലത്തു നടന്ന മാല പൊട്ടിക്കല്‍ കേസ്, കര്‍ണാടകയിലെ കങ്കനാടി, ബന്ദര്‍ പോലീസ് സ്റ്റേഷന് പരിധികളില്‍ നടന്ന മൂന്നു ബൈക്ക് മോഷണം. കോഴിക്കോട് കസബ പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന ബൈക്ക് മോഷണം എന്നിവ ചെയ്തത് പ്രതികള്‍ ആണെന്ന് തെളിഞ്ഞു.
17-ാം വയസില്‍ മോഷണം തുടങ്ങിയവരാണ് ഇരുവരും. മുഹമ്മദ് ഇജാസിന്റെ പേരില്‍ എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ആയി മയക്കുമരുന്ന് വിതരണം ഉള്‍പ്പെടെ ആറു കേസുകള്‍ ഉണ്ട്. ഇബ്രാഹിം ബാദുഷയുടെ പേരില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ കൂടാതെ കര്‍ണാടകയിലെ മംഗളുരു എന്നിവിടങ്ങളില്‍ ആയി 12 മോഷണ കേസുകള്‍ ഉണ്ട്.
കാര്‍ മോഷണക്കേസ് പ്രതികൾ ബൈക്ക് മോഷണത്തിലും അറസ്റ്റില്‍
പയ്യന്നൂര്‍: അന്തര്‍ സംസ്ഥാന മോഷണസംഘത്തിലെ രണ്ടു പേര് ബൈക്ക് മോഷണക്കേസില്‍ അറസ്റ്റില്‍. പയ്യന്നൂര്‍ കണ്ടോത്തെ വര്‍ക്ക്ഷോപ്പ് കുത്തിത്തുറന്ന് കാര്‍ മോഷ്ടിച്ചതിന് ജയിലില്‍ കഴിയുന്ന രണ്ടു പേരാണ് അറസ്റ്റിലായത്. കാര്‍ മോഷ്ടിക്കാന്‍ പയ്യന്നൂരിലെത്തുന്നതിനായി ബൈക്ക് മോഷ്ടിച്ച സംഭവത്തിലാണ് അറസ്റ്റ്. മലപ്പറം പുളിക്കല്‍ കിഴക്കയില്‍ വീട്ടില്‍ അജിത് (23), തൃശൂര്‍ ചാലക്കുടി എരയകുടി ചെമ്പാട്ടെ ആര്.സി.റിയാസ് (22) എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഓഗസ്റ്റ് 19ന് രാത്രിയില്‍ കണ്ടോത്ത് പ്രവര്‍ത്തിക്കുന്ന ടിപി ഓട്ടോ ഗാരേജിന്റെ പൂട്ടുപൊളിച്ച് റിപ്പയറിംഗ് പൂര്‍ത്തിയാക്കി സൂക്ഷിച്ച തൃക്കരിപ്പൂര്‍ വലിയപറമ്പ് സ്വദേശി പി.കെ. ഇര്‍ഷാദിന്റെ ഉടമസ്ഥതയിലുള്ള കാര്‍ കടത്തിക്കൊണ്ടുപോയിരുന്നു.
കാറിനകത്ത് സൂക്ഷിച്ചിരുന്ന ഉടമയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് മാറാട് നിന്ന് പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്തിരുന്നു. പോലീസ് തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ നിരവധി കവര്‍ച്ച കേസുകളില്‍ പ്രതികളായ ഇവര്‍ മംഗളൂരുവിലെ ജയിലില്‍നിന്നും പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് പയ്യന്നൂരിലെ വര്‍ക്ക്ഷോപ്പില്‍നിന്ന് കാറുമായി കടന്നു കളഞ്ഞതെന്ന് കണ്ടെത്തി.
വര്‍ക്ക് ഷോപ്പിന് സമീപത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബൈക്കിലാണ് മോഷ്ടാക്കളെത്തിയതെന്നും ഈ ബൈക്ക് ഉപ്പള റെയില്‍വേ സ്റ്റേഷനില്‍ ഉപ്പള സ്വദേശി നിര്ത്തിയിട്ടിടത്തുനിന്നും മോഷ്ടിച്ചതാണെന്നും കണ്ടെത്തി. ഈ സംഭവത്തിലാണ് പയ്യന്നൂര്‍ കോടതിയുടെ അനുമതിയോടെ മഞ്ചേശ്വരം എസ്ഐ കെ.കെ.നിഖിലിന്റെ നേതൃത്വത്തിലുള്ള പോലീസ് ജയിലില്‍ കഴിയുന്ന ഇരുവരേയും അറസ്റ്റ് ചെയ്തത്.