ചെമ്പേരി: ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ നിരവധി മാതൃകകളുണ്ടെന്നും മിഷൻ ലീഗിലൂടെ പ്രേഷിത പ്രവർത്തനം നടത്തുന്ന അല്മായർ മിഷനറിയായി മാറുകയാണെന്നും തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. "വിളിയറിഞ്ഞ് ഒരുമയോടെ വിളഭൂമിയിലേക്ക് ' എന്ന മുദ്രാവാക്യമുയർത്തി ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചെറുപുഷ്പ മിഷൻ ലീഗ് (സിഎംഎൽ) സംസ്ഥാനതല വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
സ്നേഹം, ത്യാഗം, സേവനം, സഹനം എന്നീ ദൈവിക മൂല്യങ്ങൾ മുറുകെപ്പിടിച്ചും പ്രാവർത്തികമാക്കിയും മിഷൻ ലീഗ് കൂടുതൽ ദിശാബോധത്തോടെ അനുദിനം വളരുകയാണ്. ഓരോരുത്തരും അവരവരുടെ ജീവിത സാഹചര്യങ്ങൾക്ക് ചേരുന്ന രീതിയിൽ പ്രേഷിത പ്രവർത്തനം നടത്താൻ തയാറാവുകയാണ് വേണ്ടത്.- ആർച്ച്ബിഷപ് ഓർമപ്പെടുത്തി.
സിഎംഎൽ ചെമ്പേരി ശാഖയുടെ രംഗപൂജയോടെ ആരംഭിച്ച സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിച്ചു. തലശേരി അതിരൂപത ഡയറക്ടർ ഫാ.ജോസഫ് വടക്കേപ്പറമ്പിൽ സ്വാഗത പ്രഭാഷണവും സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ ആമുഖ പ്രഭാഷണവും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ജിന്റോ തകിടിയേൽ റിപ്പോർട്ട് അവതരിപ്പിച്ചു.
അന്തർ ദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാൻ, ദേശീയ പ്രസിഡന്റ് സുജി പുല്ലുകാട്ട്, തലശേരി അതിരൂപത പ്രസിഡന്റ് ഷിജോ സ്രായിൽ, മലബാർ റീജണൽ ഓർഗനൈസർ രഞ്ജിത്ത് മുതുപ്ലാക്കൽ, ജനറൽ ഓർഗനൈസർ തോമസ് അടുപ്പുകല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു. അന്തർദേശീയ ജനറൽ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പിൽ, അന്തർദേശീയ വൈസ് പ്രസിഡന്റ് ഏലിക്കുട്ടി എടാട്ട്, ദേശീയ റീജണൽ ഓർഗനൈസർ ബെന്നി മുത്തനാട്ട്, സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്നേഹ വർഗീസ്, എക്സിക്യൂട്ടീവ് അംഗം ആര്യ റെജി എന്നിവരും സന്നിഹിതരായിരുന്നു.
രാവിലെ നടന്ന സിഎംഎൽ തലശേരി അതിരൂപത കൗൺസിൽ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ഷിജോ സ്രായിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റെനിൽ കൊടിയംകുന്നേൽ റിപ്പോർട്ടും സെക്രട്ടറി ബിജു കൊച്ചുപൂവക്കോട്ട് കണക്കും അവതരിപ്പിച്ചു.
സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി മുഖ്യ പ്രഭാഷണം നടത്തി. ചെമ്പേരി മേഖല ഡയറക്ടർ ഫാ.ഏബ്രഹാം കൊച്ചുപുരയിൽ, വൈസ് ഡയറക്ടർ സിസ്റ്റർ അലീന മരിയ എസ്എംഎസ്, മേഖലാ പ്രസിഡന്റ് ജെറിൻ ചേമ്പാലക്കുന്നേൽ, തലശേരി അതിരൂപത ജൂണിയർ പ്രസിഡന്റ് ആൽബിൻ മഠത്തിൽ, ജനറൽ ഓർഗനൈസർ അരുൺ പറയക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. അതിരൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടർ റവ.ഡോ.ജേക്കബ് വെണ്ണായപ്പിള്ളിൽ 'മിഷൻ ജ്യോതി' വാർത്താപത്രിക പ്രകാശനം ചെയ്തു.
ഉച്ചക്ക് സ്നേഹവിരുന്നും നടന്നു.
"സന്നദ്ധ ജ്വാലയായ് ' പ്രേഷിതറാലി
ചെമ്പേരി: ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാനതല വാർഷിക സമ്മേളന സമാപനത്തോടനുബന്ധിച്ച് ചെമ്പേരിയിൽ നടന്ന പ്രേഷിതറാലി ആയിരങ്ങൾ അണിനിരന്ന സന്നദ്ധ ജ്വാലയായി.
തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പതാകയുമേന്തി മുൻനിരയിൽനിന്ന് തുടക്കം കുറിച്ച റാലിക്ക് സംസ്ഥാന, രൂപത, മേഖല, ശാഖാ ഭാരവാഹികൾ നേതൃത്വം നൽകി.
തലശേരി അതിരൂപതയിലെ വിവിധ ശാഖകളിൽ നിന്നെത്തിയ പ്രവർത്തകരടക്കമുള്ള 5000ത്തിലേറെപ്പേരുടെ ജയ് വിളികൾ റാലിയിൽ മുഴങ്ങി. മിഷൻലീഗ് ആശയങ്ങൾ, മുൻ കാല പ്രേഷിതർ, ആനുകാലിക സംഭവങ്ങൾ തുടങ്ങിയവ ചിത്രീകരിക്കുന്ന നിശ്ചല ദൃശ്യങ്ങളും റാലിക്ക് പ്രൗഢിയേകി. ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിംഗ് കോളജിൽ നിന്നാരംഭിച്ച റാലി രണ്ടു കിലോമീറ്റർ സഞ്ചരിച്ച് ചെമ്പേരി ഫൊറോന ദേവാലയ മൈതാനിയിലാണ് സമാപിച്ചത്. തുടർന്ന് നടന്ന സമാപന ചടങ്ങിൽ തലശേരി അതിരൂപത അപ്പോസ്തലേറ്റ് ഡയറക്ടർ റവ.ഡോ.ടോം ഓലിക്കരോട്ട് മിഷൻ സന്ദേശം നൽകി.
പ്രശസ്ത കലാകാരൻ കൂടിയായ ഫാ.ജിതിൻ വയലുങ്കലിന്റെ നൃത്തഗാന പരിപാടിയും അരങ്ങേറി. നിശ്ചല ദൃശ്യാവതരണത്തിൽ ചെമ്പേരി ശാഖ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അതിരൂപത വികാരി ജനറാൾ മോൺ.ആന്റണി മുതുകുന്നേൽ നിശ്ചല ദൃശ്യാവതരണ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.