കവിതകൾക്ക് മലയാളി മനസുകളിൽ ഇടം നൽകി നിഷാ സുരേഷ് വിടപറഞ്ഞു
1373633
Sunday, November 26, 2023 10:04 PM IST
പയ്യന്നൂര്‍: ആകര്‍ഷക ഈണങ്ങളാല്‍ കവിതകളെ അണിയിച്ചൊരുക്കി മലയാള മനസുകളിലേക്ക് കടത്തിവിട്ട കുഞ്ഞിമംഗലം സ്വദേശിനിയായ നിഷാ സുരേഷ് (45)വിട വാങ്ങി. വിവിധ രോഗാവസ്ഥ കളിലൂടെ കടന്നുപോവുകയായിരുന്ന നിഷയെ പുതിയ കവിതകള്‍ക്ക് ഈണം നല്‍കാനായി തിരിച്ചു നല്കാന് വൈദ്യശാസ്ത്രത്തിനുമായില്ല.
മലയാള പാഠശാലയിലൂടെ സര്‍ഗ വൈഭവം പ്രകടമാക്കി രംഗത്തെത്തിയ നിഷ മൂന്നുവര്‍ഷമായി സോഷ്യല്‍ മീഡിയയില്‍ താരമായി മാറുകയായിരുന്നു. കാരണം, ശാന്തതീരം ഹൃദയഗീതം എന്ന കേരളത്തിലെ വലിയ ഫേസ്ബുക്ക് കൂട്ടായ്മയുടെ സാരഥികളിലൊരാളായിരുന്നു ഇവര്‍ . ഇക്കാലയളവിനുള്ളില്‍ ഇരുന്നൂറോളം ഗീതകങ്ങള്ക്കാണ് സ്വന്തമായ ഈണം നല്കി കാവ്യ ഗാനാസ്വാദകരിലേക്ക് പകര്‍ന്നു നല്‍കാനായത്. ഒട്ടുമിക്ക കവികളുടേയും കവിതകള്‍ നിഷയുടെ ഈണത്തിലൂടെ പുറത്തുവന്നിട്ടുണ്ട്.
കുഞ്ഞിമംഗലം വി.ആര്.നായനാര്‍ സ്മാരക ഗ്രന്ഥാലയം മ്യൂസിക് ക്ലബ് പ്രസിഡന്റുകൂടിയായിരുന്നു നിഷ. കുഞ്ഞിമംഗലം കണ്ടംകുളങ്ങര തീരദേശ റോഡിലായിരുന്നു താമസം. ഭര്‍ത്താവ്: എന്‍. കെ.സുരേഷ് (സൗദി). മക്കള്‍: ഗോപിക (വിദ്യാര്‍ഥി, ഗവ. എൻജിനിയറിംഗ് കോളജ്, തൃശൂര്‍), ഗീതിക (വിദ്യാര്‍ഥി, സെന്റ മേരീസ് എച്ച്എസ് പയ്യന്നൂര്‍).