വികസിത ഭാരത് സങ്കല്പ് യാത്ര ഉദ്ഘാടനം ചെയ്തു
1374033
Tuesday, November 28, 2023 1:14 AM IST
ചെറുപുഴ: കേന്ദ്ര സർക്കാരിന്റെ വികസന ക്ഷേമ പദ്ധതികൾ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വികസിത ഭാരത് സങ്കല്പ് യാത്ര ജില്ലയിൽ പര്യടനം തുടങ്ങി. ചെറുപുഴയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.
ചെറുപുഴയിൽ നിന്നും ആരംഭിച്ച യാത്ര ജില്ലയിലെ എഴുപത്തൊന്ന് ഗ്രാമ പഞ്ചായത്തുകളിലേയും ഓരോ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിലാണ് പ്രചാരണ പരിപാടി. കാർഷിക മേഖലയിൽ നവീന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ചെറുപുഴയിൽ കർഷകർക്കായി പ്രത്യേക ഡ്രോൺ പ്രദർശനവും സംഘടിപ്പിച്ചിരുന്നു.
പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കായി സൗജന്യ ഗ്യാസ് കണക്ഷൻ വിതരണവും നടന്നു. ആധാർ സേവനങ്ങൾ, ജനസുരക്ഷ ക്യാമ്പ് തുടങ്ങിയവയും ഇതോടനുബന്ധിച്ച് ഒരുക്കിയിരുന്നു. നബാർഡ്, കൃഷി വിജ്ഞാൻ കേന്ദ്ര, തപാൽ വകുപ്പ്, കൃഷി വകുപ്പ്, ഇന്ത്യൻ ഓയിൽ കോർപറേഷൻ തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു. ലീഡ് ബാങ്ക് മാനേജർ ഇ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. എ.യു. രാജേഷ് (കാനറാ ബാങ്ക് റീജണൽ മാനേജർ), പി. ജയരാജ് (കൃഷി വിജ്ഞാന കേന്ദ്രം), പീയൂഷ് കാംണ്ടി (നബാർഡ്), കെ. രാഹുൽ തപാൽ വകുപ്പ്), എൽ. മൃദുഭാഷിണി (ഇന്ത്യൻ ഗ്യാസ്), എസ്. പവിത്രൻ (ധനകാര്യ വിദഗ്ദൻ), എന്നിവർ പ്രസംഗിച്ചു. ആൽബിൻ ജേക്കബ് സ്വാഗതവും ഗോകുൽ എസ് നായർ നന്ദിയും പറഞ്ഞു.
പെരിങ്ങോത്തും യാത്രയ്ക്ക് സ്വീകരണം നൽകി. ഇന്ന് രാവിലെ മാത്തിൽ, ഉച്ചയ്ക്ക് ശേഷം കരിവെളളൂരിലും പദ്ധതി വിശദീകരണയാത്ര നടക്കും. യോഗത്തിൽ ബൈജു ജോസഫ്, ടി.വി. മനു, കുര്യാച്ചൻ തെരുവകുന്നേൽ, രജനി ക്യഷ്ണൻ എന്നിവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.