പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ ടീ സ്റ്റാളിലെ മോഷണം; പ്രതിയെ തിരിച്ചറിഞ്ഞു
1374043
Tuesday, November 28, 2023 1:14 AM IST
പഴയങ്ങാടി: പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലെ ഒന്നാം ഫ്ളാറ്റ് ഫോമിൽ പ്രവർത്തിക്കുന്ന ടീ സ്റ്റാളിൽ മോഷണം. പ്രതിയെ തിരിച്ചറിഞ്ഞു. ഇന്നലെ പുലർച്ചെയാണ് എ. അബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള ടീ സ്റ്റാളിൽ മോഷണം നടന്നത്. പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് റെയിൽവേയ്ക്ക് അടയ്ക്കാനായി സൂക്ഷിച്ച വാടക തുക ഉൾപ്പെടെ പതിനഞ്ചായിരം രൂപയും ഭണ്ടാരത്തിലെ ചില്ലറ പൈസയുമാണ് മോഷ്ടിച്ചത്.
റെയിൽവേ സ്റ്റേഷൻ മാസ്റ്റർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണത്തിന്റെ ദൃശ്യം ടീ സ്റ്റാളിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു.
കാഞ്ഞങ്ങാട് സ്വദേശി രാധാകൃഷ്ണൻ ആണ് മോഷണം നടത്തിയതതെന്ന് തെളിഞ്ഞു. നിരവധി മോഷണ കേസുകളിൽ പ്രതിയാണ് രാധാകൃഷ്ണൻ. കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി ഇയാൾ പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഉള്ളതായും കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി കഴിക്കുന്നതായും കടയുടമ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കടയുടമയുടെ നീക്കങ്ങൾ ശ്രദ്ധിച്ചതിന് ശേഷം നടത്തിയ ആസൂത്രിത മോഷണമെന്നാണ് പോലീസിന്റെ നിഗമനം.