ആലക്കോട് പാലത്തിന്റെ കൈവരികൾ കോൺക്രീറ്റ് ചെയ്യണമെന്ന് ആവശ്യം
1374048
Tuesday, November 28, 2023 1:14 AM IST
ആലക്കോട്: ദീർഘകാലത്തെ കോടതി ഇടപെടലുകൾക്കും വിവാദങ്ങൾക്കും ശേഷം ആലക്കോട് പാലം നിർമാണം അവസാനഘട്ടത്തിൽ എത്തുമ്പോഴും വിവാദങ്ങൾ തീരുന്നില്ല. അപകട സാധ്യത കൂടുതലുള്ള പ്രദേശം എന്ന പരിഗണന പോലും നൽകാതെ സാധാരണയിൽ നിന്ന് വ്യത്യസ്തമായി ജിഐ പൈപ്പുകളും ഇരുമ്പ് പട്ടകളും ഉപയോഗിച്ചാണ് പാലത്തിന്റെ ഇരുകൈ വരികളും നിർമിച്ചിരിക്കുന്നത്.
ജിഐ പൈപ്പുകൊണ്ട് കൈവരികൾ നിർമിക്കുമ്പോൾ വേഗത്തിൽ തുരുമ്പെടുത്ത് പോകാൻ സാധ്യതയുണ്ട്.
പതിറ്റാണ്ടുകൾ നിലനിൽക്കേണ്ട പാലത്തിന് ഇത്തരം കൈവരികൾ ഇവിടുത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യം അല്ലെന്നും വർഷങ്ങളോളം ഈടു നിൽക്കുന്ന കോൺക്രീറ്റ് കൈവരികളാണ് പാലത്തിനാവശ്യം എന്നാണ് വ്യാപാരികളും നാട്ടുകാരും പറയുന്നത്. എന്നാൽ, എസ്റ്റിമേറ്റ് പ്രകാരം പാലങ്ങൾക്ക് അനുയോജ്യമായ പുതിയ രീതിയാണ് ജി ഐ പൈപ്പും ഇരുമ്പ് പട്ടയും ഉപയോഗിച്ചുള്ള കൈവരി നിർമാണമെന്നാണ് അധികൃതർ പറയുന്നത്.