വികസന പ്രതീക്ഷകളിൽ മാങ്ങോട്
1395450
Sunday, February 25, 2024 7:36 AM IST
മാങ്ങോട്: കുടിയേറ്റത്തിന്റെ ഏഴുപതിറ്റാണ്ട് പിന്നിടുന്പോഴും മാങ്ങോട്, ചതിരൂർ, പുതിയങ്ങാടി ഉൾപ്പെടുന്ന മലയോര ഗ്രാമം വികസന കാര്യത്തിൽ ഇഴഞ്ഞു നീങ്ങുകയാണ്. സാധാരണക്കാരായ കർഷകർ രാവും പകലും കൃഷി ചെയ്തു പൊന്നു വിളയിച്ച ഭൂമിയാണ് മാങ്ങോട് ചതിരൂർ ഭാഗങ്ങളിൽ. എന്നാൽ, ഇന്ന് ഈ ഭൂമികൾ വന്യമൃഗങ്ങൾ കീഴടക്കിയിരിക്കുകയാണ്. താമസക്കാർ എല്ലാവരും തന്നെ കർഷകരാണ്. കാർഷിക ഉത്പന്നങ്ങളുടെ വില തകർച്ചായാലും വന്യമൃഗ ശല്യങ്ങളാലും പലരും മലയിറങ്ങിയപ്പോഴും ചെറുകിട കർഷകർ ഭൂമി വിൽക്കാൻ തയാറാകാതെ ഇന്നും ജീവിക്കാൻ വേണ്ടി മണ്ണിനോട് മല്ലടിക്കുന്നവരും ഉണ്ട്.
ആറളം പഞ്ചായത്തിൽ ഉൾപ്പെടുന്ന മാങ്കോട്, ചതിരൂർ നിവാസികൾ എന്തിനും ഏതിനും ഇന്നും ആശ്രയിക്കുന്നത് കീഴ്പള്ളി ടൗണിനെയാണ്. കീഴ്പള്ളി ടൗണിൽ നിന്നും രണ്ട് കിലോമീറ്റർ സഞ്ചരിക്കണം മാങ്ങോട് എത്താൻ. ചെറുതും വലുതുമായ മലനിരകൾ കാവൽ നിൽക്കുന്ന താഴ്വാരത്തിലെ സെന്റ് മേരീസ് പള്ളിയും അതിനോട് ചേർന്ന എൽപി സ്കൂളും ഒന്ന് രണ്ട് കടകളും കഴിഞ്ഞാൽ മാങ്ങോട് എന്ന ഗ്രാമത്തിലൂടെ കടന്നുപോകുന്ന ടാർ റോഡ് ചതിരൂരിലേക്കാണ്.
വികസനം എൽപി സ്കൂളിൽ ഒതുങ്ങി
മാങ്ങോട്, ചതിരൂർ നിവാസികളുടെ വികസന സ്വപ്നങ്ങൾ നിർമല അടിച്ചുവാരി എൽപി സ്കൂളിൽ ഒതുങ്ങി പോയി എന്നതാണ് സത്യം. എൽപി വിദ്യാഭ്യാസം കഴിഞ്ഞാൽ തുടർ പഠനത്തിനായി പിന്നീട് ആറു കിലോമീറ്ററോളം സഞ്ചരിച്ച് വെളിമാനത്തെത്തണം. എൽപിയെ യുപിയായി ഉയർത്തണമെന്ന് പലതവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആരും തീരുമാനങ്ങൾ നടപ്പിലാക്കിയില്ല.
വാഹന സൗകര്യം കുറവായ പ്രദേശമായതുകൊണ്ട് കുട്ടികളെ സ്കൂളിൽ എത്തിക്കാൻ സ്കൂൾ ബസ് എന്ന ആവശ്യവുമായി ബന്ധപ്പെട്ടവർക്ക് മുന്നിൽ നിവേദനകളുമായി അലയുകയാണ് പ്രദേശവാസികൾ. കുട്ടികൾ കിലോമീറ്ററുകൾ താണ്ടിയാണ് കാൽനടയായി സ്കൂളിൽ എത്തുന്നത്. വഴിയും സൗകര്യങ്ങളും എത്തിയെങ്കിലും സർവീസ് നടത്തുന്ന ചുരുക്കം ബസുകൾ ഒഴിച്ചാൽ ഓട്ടോറിക്ഷയെ ആശ്രയിക്കാതെ വേറെ വഴിയില്ല.
നാലു കിലോമീറ്റർ പരിധിയിൽ പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷനും കുടുംബാരോഗ്യ കേന്ദ്രവും ഒഴിച്ചാൽ ഇവർക്ക് ചുറ്റുമുള്ളത് വന്യമൃഗങ്ങൾ മാത്രം. ഇരുപതോളം ബസുകൾ സർവീസ് നടത്തിയിരുന്ന സ്ഥലത്ത് ഇപ്പോൾ 10ൽ താഴെ മാത്രം ബസുകളാണ് ട്രിപ്പ് നടത്തുന്നത്. ഒരു ബസ് കടന്നുപോയാൽ പിന്നീട് മണിക്കൂറുകൾ കാത്തുനിൽക്കണ്ട സാഹചര്യമാണ്. നിലവിൽ, ഒരു കെഎസ്ആർടിസിയും വൈകുന്നേരം ഒരു ട്രിപ്പ് വന്നു പോകുന്നതല്ലാതെ മുൻപ് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസിയും പണി മുടക്കി കഴിഞ്ഞു. പെർമിറ്റുണ്ടെങ്കിലും ചില ബസുകൾ കീഴ്പള്ളിയോടെ സർവീസ് അവസാനിപ്പിക്കും. മൃഗാശുപത്രി മുതൽ പഞ്ചായത്തും വില്ലേജും തുടങ്ങിയ ആവശ്യങ്ങൾക്ക് 10 കിലോമീറ്ററിൽ അധികം യാത്ര ചെയ്യേണ്ടി വരുന്ന ജനങ്ങൾ ഓട്ടോറിക്ഷയെ ആശ്രയിക്കാതെ മറ്റ് വഴികൾ ഒന്നുമില്ല.
പോലീസ് അച്ഛന്റെ ഇടവക
സെന്റ് മേരിസ് പള്ളി മാങ്ങോടിന്റെ ഇപ്പോഴത്തെ വികാരി പോലീസ് അച്ചനെന്ന് അറിയപ്പെടുന്ന ഫാ. സെബാസ്റ്റ്യൻ മുട്ടത്തുപാറയാണ്. ഒരു സിവിൽ പോലീസ് ഓഫിസർ ആയിരുന്ന അച്ചൻ പുരോഹിത പട്ടം സ്വീകരിച്ചതോടെ പോലീസ് അച്ചനായി മാറുന്നത്. നല്ലൊരു ധ്യാന ഗുരുവും കൂടിയാണ് സെബാസ്റ്റ്യൻ അച്ചൻ. 570 ഓളം ക്രിസ്ത്യൻ കുടുംബങ്ങളും അതോടൊപ്പം നിരവധി ഇതര മതസ്ഥരും അടങ്ങുന്ന 1000 ത്തോളം കുടുംബങ്ങളാണ് തീർത്തും അവഗണിക്കപ്പെടുന്നത്.
110 കോളനി, വിയറ്റ്നാം കോളനി, പുതിയങ്ങാടി കോളനി, ചങ്കയത്തോട് കോളനി തുടങ്ങി നാലോളം ആദിവാസി കോളനികൾ ഇവിടെ ഉണ്ടെങ്കിലും ഒരിടത്തേക്കും കൃത്യമായ യാത്ര സൗകര്യങ്ങളില്ല. പല കോളനികളിലും ജീവിത നിലവാരവും സാഹചര്യങ്ങളും വളരെ മോശമാണ്.
വന്യജീവികളെ കൊണ്ട് പൊറുതിമുട്ടിയ പ്രദേശം
ആറളം ഫാമിൽ നിന്നും വെളിയിൽ ഇറങ്ങുന്ന വന്യജീവികൾ ഈ പ്രദേശത്തിന് ആകെ ഭീഷണിയാണ്. ആന, പന്നി, കുരങ്ങ്, മയിൽ തുടങ്ങിയ വന്യജീവികൾ വരുത്തുന്ന കൃഷി നാശവും ജീവനും സ്വത്തിനും ഉയർത്തുന്ന ഭീഷണിയും കുറവല്ല. ഫാമിലെ കൃഷിയിടത്തിൽ തമ്പടിച്ചിരുന്ന കാട്ടാനകളെ കാട്ടിലേക്ക് തുരത്തുമ്പോൾ ഇവ ചതിരൂർ ഭാഗത്തെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങി ഭീഷണി ആകുമെന്ന ഭയവും നാട്ടുകാർ പങ്കുവയ്ക്കുന്നു.
ആനയുടെ ശല്യം നിയന്ത്രിക്കാൻ സർക്കാർ ഏജൻസികൾ പരാജയപ്പെട്ടപ്പോൾ ജനകീയ കൂട്ടയ്മയിൽ കക്കുവാ മുതൽ പരിപ്പുതോട് വരെ ജനകീയ കൂട്ടയ്മയിൽ തൂക്ക് വേലി നിർമിച്ചതും സാധാരണക്കാരായ ജനങ്ങളുടെ സഹകരണം കൊണ്ട് മാത്രമാണ്. ബാക്കിവരുന്ന ഭാഗം കൂടി ജനകീയ കൂട്ടയ്മയിൽ സോളാർ തൂക്ക് വേലികൾ സ്ഥാപിച്ച് സ്വയം രക്ഷക്കുള്ള മാർഗങ്ങൾ തേടുകയാണ് നാട്ടുകാർ. വികസനങ്ങൾ പലപ്പോഴും ടൗണുകളിൽ മാത്രം ഒതുങ്ങി പോകുന്പോൾ ഇത്തരം കൊച്ചുഗ്രാമങ്ങൾ എത്രനാൾ ഇങ്ങനെ പിടിച്ചുനിൽക്കും എന്നതും ഒരു ചോദ്യമായി അവശേഷിക്കുകയാണ്.