കേരളമേ നന്ദി; ഞങ്ങള്‍ ഇവിടെ സുരക്ഷിതര്‍
1395453
Sunday, February 25, 2024 7:36 AM IST
കണ്ണൂർ: കലാപത്തില്‍ ഒരുപാട് സഹിക്കേണ്ടി വന്നു. ഭീതിയോടെയുള്ള ജീവിതം. പഠനവും പാതിവഴിയിലായി. തുടര്‍പഠനത്തിനായി പല സര്‍ക്കാരുകളെയും സമീപിച്ചു. അഭയം നല്‍കിയത് കേരളം മാത്രം.
മണിപ്പുരില്‍ നിന്നും പഠനത്തിനായി കേരളത്തില്‍ എത്തിച്ചേര്‍ന്ന ഗൗലംഗ്മോന് ഹോകിപ്പിന്റെ വാക്കുകളാണിവ. കേരളം സുരക്ഷിതമാണ്. സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കുന്നു. സൗജന്യമായി പഠനവും താമസവും ഒരുക്കി നല്കിയ സര്‍ക്കാരിന് ഒരുപാട് നന്ദിയും സ്നേഹവുമുണ്ടെന്ന്മുഖാമുഖം പരിപാടിയില്‍ എത്തിയ ഗൗലംഗ്മോന് പറഞ്ഞു. കേരള സര്‍ക്കാര്‍ നടത്തുന്ന പരിപാടികള്‍ നേരില്‍ക്കാണാനുള്ള ആഗ്രഹത്തോടെയാണ് ഇവിടെയെത്തിയത്.
മഞ്ചേശ്വരം ഗവ. ലോ കോളേജിലെ മൂന്നാം സെമസ്റ്റര്‍ നിയമ ബിരുദ വിദ്യാര്‍ഥിയാണ് 26കാരനായ ഈ മണിപ്പൂര്‍ സ്വദേശി. കോളജില്‍ അഡ്മിഷന് ലഭിച്ചപ്പോള്‍ താമസ സൗകര്യം കിട്ടാത്തതായി പിന്നീടുള്ള ബുദ്ധിമുട്ട്. കയ്യില്‍ രേഖകളൊന്നുമുണ്ടായിരുന്നില്ല. ആ ഘട്ടത്തിലും സര്‍ക്കാര്‍ ഇടപെട്ട് താമസമൊരുക്കി തരികയായിരുന്നുവെന്നും ഗൗലംഗ്മോൻ പറഞ്ഞു.