അതിയടം വയലിൽ സുഗന്ധം പരത്തി ഗന്ധകശാല നെല്ലിന്റെ കൊയ്ത്തുത്സവം
1395695
Monday, February 26, 2024 1:40 AM IST
പരിയാരം: അതിയടം വയലിൽ സുഗന്ധം പരത്തി ഗന്ധകശാല നെല്ലിന്റെ കൊയ്ത്തു തുടങ്ങി. കഴിഞ്ഞ ദിവസം മുതലാണ് കൊയ്ത്തും മെതിയും ആരംഭിച്ചത്. ഒരു കാലത്ത് വയനാടൻ വയലുകളിൽ മാത്രം വിളഞ്ഞിരുന്ന നെല്ലിനമായിരുന്നു ഗന്ധകശാല. അതിയടം പാടശേഖരത്തിലെ നടുവാടി വയലിലെ 20 സെന്റ് ഭൂമിയിലാണ് റിട്ട. പോലീസ് ഉദ്യോഗസ്ഥനും കർഷകനുമായ പി.വി. ശശി പരീക്ഷണാസ്ഥാനത്തിൽ ഗന്ധകശാല കൃഷിയിറക്കിയത്.
അതിയടത്തെ വീടിനടുത്ത് 85 സെന്റ് കൃഷിഭൂമി ഇദ്ദേഹത്തിനുണ്ട്. 30 സെന്റിൽ പൊൻമണിയും 35 സെന്റിൽ ഉമ നെൽവിത്തും കൃഷിയിറക്കി. ഒപ്പം, മാനന്തവാടിയിൽനിന്നും കൊണ്ടുവന്ന ഗന്ധകശാലയും പരീക്ഷണാടിസ്ഥാനത്തിൽ വിതക്കുകായയിരുന്നു. ജീരകശാല വിതയ്ക്കാനായിരുന്നു ആഗ്രഹിച്ചതെങ്കിലും കിട്ടാഞ്ഞതോടെ പോലീസിലുണ്ടായിരുന്ന സഹപ്രവർത്തകൻ കൽപറ്റയിലെ ഇബ്രാഹിം മുഖേന മാനന്തവാടിയിലെ കർഷകരിൽ നിന്ന് ഗന്ധകശാല വിത്തിനം എത്തിക്കുകയായിരുന്നു.
നെല്ലിന് വിലകൂടിയ വേളയിൽ ഒരു കിലോയ്ക്ക് 90 രൂപയായിരുന്നു വിത്തിന്റെ വില. ഇതിന്റെ അരിക്ക് വിപണിയിൽ കിലോയ്ക്ക് 150 രൂപ വരെ വിലയുണ്ട്. ചാണകപ്പൊടി കടലപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക് എന്നിവയാണ് വളമായി നൽകിയത്. ഇടയ്ക്ക് ആവശ്യാനുസരണം യൂറിയയും പൊട്ടാഷും നൽകി. മികച്ച വിളവ് ലഭിച്ച സാഹചര്യത്തിൽ കൂടുതൽ സ്ഥലത്തേക്ക് ഗന്ധകശാല കൃഷിയിറക്കാനാണ് റിട്ട. സ്പെഷൽ ബ്രാഞ്ച് പോലീസുദ്യോഗസ്ഥനായ ശശിയുടെ തീരുമാനം.