തലശേരിയിൽ ഓടുന്നത് രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ ഡബിൾ ഡെക്കർ
1395955
Tuesday, February 27, 2024 7:47 AM IST
കണ്ണൂർ: തലശേരിയിലെയും മാഹിയിലെയും പൈതൃക ഇടങ്ങൾ കാണാൻ സഞ്ചാരികൾക്കായി കെഎസ്ആർടിസി ഓടിക്കുന്നത് രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ റൂഫ്ലെസ് ഡബിൾ ഡെക്കർ ബസ്. നേരത്തെ തിരുവനന്തപുരം നഗരത്തിൽ ടൂറിസ്റ്റുകൾക്കായി സർവീസ് നടത്തിയിരുന്ന 32 വർഷം പഴക്കമുള്ള ബസാണ് തലശേരിയിലെത്തിച്ച് സർവീസ് നടത്തുന്നത്.
കെഎൽ 15- 0587 എന്ന നന്പർ ഡബിൾ ഡെക്കറിന്റെ രജിസ്ട്രേഷൻ കാലാവധി 2020 ഫെബ്രുവരി 12ന് തീർന്നതായാണ് മോട്ടോർവാഹന വകുപ്പുമായി ബന്ധപ്പെട്ട രേഖകളിലുള്ളത്. കേന്ദ്രസർക്കാരിന്റെ പുതിയ മോട്ടോർ വാഹന നിയമപ്രകാരം 15 വർഷം കഴിഞ്ഞ ഡീസൽ വാഹനങ്ങൾ റോഡിൽനിന്ന് പിൻവലിക്കാൻ നിർദേശിക്കുന്നുണ്ട്.
ഈ നിർദേശമനുസരിച്ച് സംസ്ഥാന സർക്കാർ തന്നെ കാലാവധി കഴിഞ്ഞ വാഹനങ്ങൾ ഒഴിവാക്കി വരികയാണ്. അപ്പോൾ തന്നെയാണ് കെഎസ്ആആർടിസി കാലപരിധി പരിഗണിക്കാതെ 1991 മോഡൽ ബസ് ഉപയോഗിച്ച് സർവീസ് നടത്തുന്നത്.
കേന്ദ്ര നിയമമനുസരിച്ച് വാഹനങ്ങൾക്ക് 15 വർഷം കാലാവധി നിശ്ചയിച്ച സാഹചര്യത്തിൽ ഡബിൾ ഡെക്കർ ബസിന്റെ ഇൻഷ്വറൻസ് പരിരക്ഷയിലും അവ്യക്തതയുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ രേഖകളിൽ ഇക്കാര്യം പരാമർശിക്കുന്നുമില്ല. ചുരുക്കത്തിൽ വാഹനവുമായി ബന്ധപ്പെട്ട രേഖകൾ പൊരുത്തക്കേടുകൾ നിറഞ്ഞതാണ്.
തിരുവനന്തപുരത്തെ തന്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് സഞ്ചാരികൾക്ക് നഗരം ചുറ്റിക്കാണുന്നതിനായിരുന്നു നേരത്തെ ഈ ബസ് ഉപയോഗിച്ചിരുന്നത്. തലശേരിയിൽ ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് മന്ത്രി ഗണേഷ് കുമാറായിരുന്നു നിർവഹിച്ചത്. ഉദ്ഘാടനത്തിന് ശേഷം മന്ത്രിയും സ്പീക്കർ എ.എൻ. ഷംസീറുമടക്കമുള്ളവർ ബസിൽ യാത്ര നടത്തുകയും ചെയ്തിരുന്നു.
തലശേരി ഡിപ്പോയിൽ നിന്നും ആരംഭിച്ച് ഗുണ്ടർട്ട് മ്യൂസിയം, പഴയ കോടതി കെട്ടിടം, സെന്റിനറി, സീവ്യൂ പാർക്ക്, ഓവർബറീസ് ഫോളീ, തലശേരി കോട്ട, ജവഹർഘട്ട്, കടൽപ്പാലം, പഴയ വ്യാപാര കേന്ദ്രമായ പാണ്ടികശാലകളുള്ള തായലങ്ങാടി, ഗോപാൽപേട്ട വഴി മാഹിയിലെത്തി മാഹി സെന്റ് തെരേസ ബസിലിക്ക, മൂപ്പൻസ് ബംഗ്ലാവ്, വാക് വേ എന്നിവിടങ്ങളിലൂടെ സഞ്ചാരികളുമായി അഴിയൂരിലെത്തി തിരിച്ച് മുഴപ്പിലങ്ങാട് ബീച്ചിൽ യാത്ര അവസാനിപ്പിക്കുന്ന തരത്തിലാണ് ബസിന്റെ ട്രിപ്പ്.
നിശാന്ത് ഘോഷ്