അധ്യാപകന്റെ സസ്പെന്ഷന് പിന്‍വലിച്ചതിനെതിരേ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍
1396045
Wednesday, February 28, 2024 1:34 AM IST
പെരിയ: വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട അധ്യാപകനെ തിരിച്ചെടുക്കാനുള്ള കേരള കേന്ദ്രസര്‍വകലാശാലയുടെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍. ഇംഗ്ലീഷ് ആന്‍ഡ് കംപാരിറ്റീവ് ലിറ്ററേച്ചര്‍ ഡിപ്പാര്‍ട്ട്മെന്റിലെ അസി. പ്രഫസർ ബി. ഇഫ്തിക്കര്‍ അഹമ്മദിന്റെ സസ്പെന്ഷന് പിന്‍വലിച്ച വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രഫ. കെ.സി. ബൈജുവിന്റെ നടപടിയാണ് പ്രതിഷേധത്തിനിടയാക്കിയത്. ഇന്നലെ രാവിലെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജിന്റെ ഓഫീസ് ഉപരോധിച്ചു. കൂടാതെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റ് ഓഫീസ് മുറിയുടെ കതകില്‍ "ഗെറ്റ് ഔട്ട് ഇഫ്തിക്കര്‍' എന്നെഴുതിയ പോസ്റ്റര്‍ പതിക്കുകയും എസ്എഫ്ഐയുടെ കൊടിനാട്ടുകയും ചെയ്തു. എബിവിപി പ്രവര്‍ത്തകര്‍ രജിസ്ട്രാര്‍ എം. മുരളീധരന് നമ്പ്യാരുടെ കാര്‍ തടഞ്ഞു.
കേന്ദ്രസര്‍വകലാശാല അന്വേഷണം നടത്തിയ വിധം നാണക്കേടുണ്ടാക്കുന്നതാണെന്നും ലൈംഗിക അതിക്രമത്തിനെതിരേ പ്രതികരിക്കാന്‍ ധീരമായി മുന്നോട്ടുവന്ന വിദ്യാര്ഥിനികളോടുള്ള നീതിനിഷേധമാണെന്നും കാമ്പസില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന സന്ദേശമാണ് ഇതു നല്‍കുന്നതെന്ന് എന്എസ്യു പത്രക്കുറിപ്പില്‍ അറിയിച്ചു. സസ്പെന്‍ഷന്റെ കാര്യം കേന്ദ്രസര്‍വകലാശാല എക്സിക്യുട്ടീവ് കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്നും കൗണ്‍സില്‍ തീരുമാനമെടുക്കുമെന്നും കെ.സി. ബൈജു അറിയിച്ചതോടെയാണ് എസ്എഫ്ഐ പ്രതിഷേധം അവസാനിപ്പിച്ചത്. കൗണ്‍സിലിന്റെ തീരുമാനം അനുകൂലമല്ലെങ്കില്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് എസ്എഫ്ഐ മുന്നറിയിപ്പ് നല്കി.
സസ്പെന്ഷന് പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഇന്നലെ ഇഫ്തിക്കര്‍ കാമ്പസിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടായില്ല.
പരീക്ഷാവേളയില്‍ ബോധം കെട്ടുവീണ പെണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചെന്നും ക്ലാസുകളില്‍ അറപ്പുളവാക്കുന്ന രീതിയില്‍ ലൈംഗികച്ചുവയോടെ സംസാരിക്കുന്നത് പതിവാണെന്നുമാണ് ഇഫ്തിക്കറിനെതിരെ പരാതി ഉയര്‍ന്നത്. ഇതേതുടര്‍ന്ന് നവംബര്‍ 28നാണ് ഇഫ്തിക്കറിനെ സസ്പെന്‍ഡ് ചെയ്തത്. പരാതി അന്വേഷിച്ച ആഭ്യന്തര പരാതിരിഹാരസെല് (ഐസിസി) ക്ലീന്‍ചിറ്റ് നല്‍കിയില്ല. ഇഫ്തിക്കറിനെതിരെ വകുപ്പുതല അന്വേഷണം നടത്തുക, പരാതി ഉയര്‍ത്തിയ വിദ്യാര്‍ഥിനികള്‍ പഠിക്കുന്ന ഒന്നാംവര്‍ഷ പിജി ക്ലാസിലെ എല്ലാവിധ അക്കാഡമിക് പ്രവര്‍ത്തനങ്ങളില്‍ നിന്നും അധ്യാപകന് വിട്ടുനില്‍ക്കുക, ക്ലാസില്‍ മാന്യമായി പെരുമാറുക എന്നീ ശിപാര്ശകളടക്കമാണ് റിപ്പോര്‍ട്ട് കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് ഇഫ്തിക്കറിന്റെ സസ്പെന്ഷന് വിസി ഇന്‍ ചാര്‍ജ് പിന്‍വലിച്ച് ഉത്തരവിറക്കുന്നത്. ലൈംഗികാതിക്രമത്തിന് ഇഫ്തിക്കറിനെതിരെ ബേക്കല്‍ പോലീസ് കേസെടുത്തിരുന്നു.