സാന്പത്തികമായി കേരളത്തെ ഞെരുക്കി കേന്ദ്ര സർക്കാർ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു: മന്ത്രി ബാലഗോപാൽ
1397146
Sunday, March 3, 2024 7:14 AM IST
കണ്ണൂർ: കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കി കേന്ദ്രസർക്കാർ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. തനതു വരുമാനം ഏറ്റവും വർധിച്ച സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്.
എന്നാൽ കേന്ദ്രം പറയുന്നത് കേരളത്തിൽ നടക്കുന്നത് ധനകാര്യ മിസ് മാനേജ്മെന്റ് ആണെന്നാണ് മന്ത്രി പറഞ്ഞു. അസോസിയേഷൻ ഓഫ് കേരള ഗവ. കോളജ് ടീച്ചേഴ്സ് (എകെജിസിടി) 66ാം സംസ്ഥാന സമ്മേളനം കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസം ശാസ്ത്രബോധം വളർത്താൻ ഉപകരിക്കേണ്ടതാണ്. എന്നാൽ ഈ നിലപാടിൽ നിന്ന് കേന്ദ്ര സർക്കാർ പിറകോട്ടു പോയിരിക്കുകയാണ്. ശാസ്ത്ര കോൺഗ്രസ് തന്നെ വേണ്ടെന്നു വച്ചത് ഇതിന്റെ ഭാഗമായിട്ടാണെന്നും മന്ത്രി ആരോപിച്ചു.
സംസ്ഥാന പ്രസിഡന്റ് ഡോ. എൻ. മനോജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ഡോ. എൻ.കെ. ഗീതാ നമ്പ്യാർ രക്തസാക്ഷി പ്രമേയവും സംസ്ഥാന കമ്മിറ്റിയംഗം ഡോ. കെ.വി. മഞ്ജുള അനുശോചന പ്രമേയവും അവതരിപ്പിച്ചു. എഫ്എസ്സിടിഒ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. അജിത്ത് കുമാർ, സംഘാടക സമിതി ചെയർമാൻ എം.വി. ജയരാജൻ, എകെജിസിടി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. എൻ. മനോജ് പതാകയുയർത്തി.
ട്രേഡ് യൂണിയൻ സമ്മേളനം മുൻ മന്ത്രിയും ട്രേഡ് യൂണിയൻ നേതാവുമായ എ.കെ. ബാലൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. വിനു ഭാസ്കർ അധ്യക്ഷത വഹിച്ചു. കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി. മഹേഷ്, സംസ്ഥാന സെക്രട്ടറി സി.ടി. ശശി, സംസ്ഥാന സെക്രട്ടറി പി.വി. രഘുദാസ് എന്നിവർ പ്രസംഗിച്ചു.