ഇരിട്ടിയിൽ ടൂറിസം മാസ്റ്റർപ്ലാൻ ഒരുങ്ങുന്നു: അധികൃതർ സ്ഥലം സന്ദർശിച്ചു
1416733
Tuesday, April 16, 2024 7:15 AM IST
ഇരിട്ടി: മേഖലയിലെ ടുറിസത്തിന്റെ സാദ്ധ്യതകൾ പഠിച്ച് മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന്റെ ഭാഗമായി ഇരിട്ടി ബസ് സ്റ്റാൻഡിനോട് ചേർന്നുകിടക്കുന്ന സ്ഥലം ഉൾപ്പെടെ വിവിധ സ്ഥലങ്ങൾ ഹരിത കേരള മിഷൻ അംഗങ്ങൾ സന്ദർശിച്ചു. വളരെ കുറഞ്ഞ മുതൽമുടക്കിൽ ഇക്കോ പാർക്ക് ആയി മാറ്റുവാൻ കഴിയുന്ന ഇവിടം ഇരിട്ടിയിൽ എത്തുന്ന യാത്രക്കാർക്ക് വലിയൊരു അനുഗ്രഹം കൂടി ആയിരിക്കും.
ദീപിക അടക്കമുള്ള മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിലാണ് പ്രദേശം ഉൾപ്പെടെ നവകേരളം കർമ്മ പദ്ധതി ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ മാസ്റ്റർ പ്ലാൻ തയാറാക്കുന്നത്. ഇതിന്റെ ഭാഗമായി നേരത്തെ തന്നെ നവകേരളം കർമ പദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ , ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക, ഇരട്ടി നഗരസഭാ അധ്യക്ഷ കെ. ശ്രീലത, ഉപാധ്യക്ഷൻ പി.പി. ഉസ്മാൻ തുടങ്ങി വിവിധ സംഘടനയുടെ പ്രതിനിധികൾ സ്ഥലം സന്ദർശിച്ചിരുന്നു.
സംഘം ഇന്നലെ ജില്ലയിലെ വിവിധ ടൂറിസം സാധ്യതയുള്ള സ്ഥലങ്ങളും സന്ദർശിച്ചു. ഹരിത കേരള മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക, ജില്ലാ ടെക്നിക്കൽ അസിസ്റ്റന്റ് വി.കെ. അഭിജാത്, പി. ശിശിര, കെ. ജിൻഷ, നഗരസഭ കൗൺസിലർമാരായ പി. രഘു, കെ. നന്ദനൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കിയത് .