കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു
1417054
Thursday, April 18, 2024 1:48 AM IST
മട്ടന്നൂർ: ക്ഷേത്രദർശനത്തിനു പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ സ്ത്രീ മരിച്ചു. കുട്ടികളടക്കം ഏഴുപേർക്ക് പരിക്കേറ്റു. ചേർത്തല പട്ടണക്കാട് സ്വദേശി കുമാരി (67) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 5.30 ഓടെ ചാവശേരി പത്തൊമ്പതാം മൈലിലെ ഇരിട്ടി താലൂക്ക് സൊസൈറ്റിക്കു സമീപത്തെ വളവിലായിരുന്നു അപകടം.
ചേർത്തലയിൽ നിന്ന് കർണാടകയിലെ കുടക് ക്ഷേത്രത്തിലേക്കു പോകുകയായിരുന്നവർ സഞ്ചരിച്ച കാറും മൈസൂരുവിൽ നിന്ന് ചെടികളുമായി കൂത്തുപറമ്പിലേക്കു വരികയായിരുന്ന പിക്കപ്പ് ജീപ്പും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.
വസുദേവ, മഞ്ജുള, അഞ്ജു, ആദിത്യ, കൃഷ്ണാനന്ദ്, അന്ദിക, പിക്കപ്പ് ജീപ്പ് ഡ്രൈവർ കുത്തുപറമ്പ് സ്വദേശി സജേഷ് എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിക്കപ്പ് ജീപ്പിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ മട്ടന്നൂരിൽ നിന്നെത്തിയ അഗ്നിശമന വിഭാഗവും പോലീസും നാട്ടുകാരും ചേർന്നാണു പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.
കാർ യാത്രക്കാരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുമാരി മരിച്ചിരുന്നു.
പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പിക്കപ്പ് ജീപ്പിലുണ്ടായിരുന്ന ചെടിച്ചട്ടികളടക്കം റോഡിലേക്ക് ചിതറി. അപകടത്തിൽപ്പെട്ട വാഹനങ്ങൾ മട്ടന്നൂർ സ്റ്റേഷൻ കോമ്പൗണ്ടിലേക്കു മാറ്റി.