ശ്രീകണ്ഠപുരം: മലപ്പട്ടം ചൂളിയാട് കനത്തമഴയിൽ റോഡരികിൽ ഗർത്തം രൂപപ്പെട്ടു. ജലവിതരണ പൈപ്പിനെടുത്ത മണ്ണ് പൂർണമായും ഒലിച്ചുപോയതോടെ നാട്ടുകാർ ഭീതിയിലായി. ഗർത്തം രൂപപ്പെട്ടത് അപകടത്തിന് കാരണമാവുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.
മലപ്പട്ടം എസ് വളവിൽ ചൂളിയാട് കടവ് ഭാഗത്തേക്ക് പോകുന്ന റോഡരികിലാണ് കനത്തമഴയിൽ ജലവിതരണ പൈപ്പിനെടുത്ത കുഴിയിലെ മണ്ണാണ് 50 മീറ്ററോളം ഒലിച്ചുപോയത്. മെക്കാഡം ടാറിംഗ് ചെയ്ത റോഡിന്റെ അടിഭാഗം പൂർണമായും ഒലിച്ച നിലയിലാണ്. നാട്ടുകാർ മുന്നറിയിപ്പിനായി കല്ലും മറ്റും നിരത്തിയിട്ടുണ്ട്. റോഡിലെ ഗർത്തവും റോഡിലേക്ക് ഇറങ്ങിയ മണ്ണും ഇരുചക്രവാഹനങ്ങൾക്കും മറ്റുമാണ് ദുരിതമാവുന്നത്. രാത്രിയിൽ ശ്രദ്ധ തെറ്റിയാൽ മണ്ണൊലിച്ച കുഴിയിൽ വീഴാനാണ് സാധ്യത. കുഴി നികത്തി അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.