കനത്ത കാറ്റിൽ വ്യാപക നാശനഷ്ടം
1428478
Tuesday, June 11, 2024 1:13 AM IST
കേളകം: മലയോരമേഖലയിൽ കനത്ത കാറ്റിൽ വ്യാപക നാശനഷ്ടം. കണിച്ചാർ, കേളകം പഞ്ചായത്തുകളിൽ വിവിധ സ്ഥലങ്ങളിലാണു നിരവധി നാശനഷ്ടങ്ങൾ ഉണ്ടായത്. ഇന്നലെ ഉച്ചയോടുകൂടി ഉണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് മലയോര മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായത്. കണിച്ചാർ, വളയംചാൽ, കാളികയം, അടയ്ക്കാത്തോട്, ചാണപ്പാറ മേഖലകളിലാണ് ഏറെ നാശനഷ്ടങ്ങൾ ഉണ്ടായത്. കനത്ത കാറ്റിൽ വൈദ്യുത തൂണുകൾ പൊട്ടിവീണു. ചാണപ്പാറയിലെ പോന്നിച്ചേരി ആനന്ദവല്ലിയുടെ വീട് മരം വീണു ഭാഗികമായി തകർന്നു. വീട്ടുപറമ്പിലെ നിരവധി റബർ മരങ്ങളാണു കനത്ത കാറ്റിൽ വീണത്. വീടിന്റെ അടുക്കള ഭാഗവും മേൽക്കൂരയും ഭാഗികമായി തകർന്ന നിലയിലാണ്. ആനന്ദവല്ലി ഒറ്റയ്ക്കു താമസിച്ചുവരുന്ന വീടാണ് ഭാഗികമായി തകർന്നത്.
ചെട്ടിയാംപറമ്പിലെ വട്ടക്കുടി ജോയിയുടെ വീടിന്റെ മേൽക്കൂരയും കുണ്ടേരി വെട്ടുനിരവിൽ വർഗീസിന്റെ വീട് മരം വീണും ഭാഗീകമായി തകർന്നു. കേളകം പൊയ്യമലയിൽ കോട്ടയിൽ സജിയുടെ വീടിന്റെ മേൽക്കൂര കനത്ത കാറ്റിൽ തകർന്നു.
നിർത്തിയിട്ട
കോളജ് ബസിന്
മുകളിൽ മരം വീണു
മട്ടന്നൂർ: ചാലോട് റോഡരികിൽ നിർത്തിയിട്ട കോളജ് ബസിന് മുകളിൽ മരം പൊട്ടിവീണു. ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. തലശേരി എൻജിനിയറിംഗ് കോളജിന്റെ ബസ് വിദ്യാർഥികളെ ഇറക്കി ചാലോട് മട്ടന്നൂർ റോഡരികിൽ നിർത്തിയിട്ടതായിരുന്നു. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരമാണ് ബസിന് മുകളിൽ വീണത്. മരം വീണതിനെ തുടർന്ന് മട്ടന്നൂർ-ചാലാട് റൂട്ടിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. മട്ടന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനബസിന് മുകളിൽ വീണ മരം മുറിച്ചു നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
മരം വീണ്
ഓട്ടോ തകർന്നു;
യാത്രക്കാർ രക്ഷപ്പെട്ടു
ഇരിട്ടി: യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോ റിക്ഷയ്ക്കു മേൽ മരം പൊട്ടിവീണു ഓട്ടോ തകർന്നു. ഓട്ടോയിലുണ്ടായിരന്നവർ അത്ഭുതകരമായി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വള്ളിത്തോട് ഉളിക്കൽ മലയോര ഹൈവേ റീച്ചിന്റെ മേലെ പെരുങ്കരിയിൽ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. ഓട്ടോ ഡ്രൈവർ ഓരത്തേൽ സണ്ണി, യാത്രക്കാരായ തങ്കച്ചൻ, ഭാര്യ മോളി എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.