അധ്യാപകദിനം ആഘോഷിച്ചു
1451241
Saturday, September 7, 2024 1:37 AM IST
കുടിയാന്മല: ഫാത്തിമ യുപി സ്കൂളിലെ പ്രഥമ മുഖ്യാധ്യാപകനായിരുന്ന സി.ഒ. ജേക്കബ് ചെറുവത്തൂർ, അദ്ദേഹത്തിന്റെ ഭാര്യയും റിട്ട. അധ്യാപികയുമായ ഏലിക്കുട്ടി, ഇവരുടെ മകളും കുടിയാന്മല മേരി ക്യൂൻസ് ഹൈസ്കൂൾ മുഖ്യാധ്യാപികയുമായിരുന്ന സോഫിയ, കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ട്യൂട്ടർ ആയ മറ്റൊരു മകൾ സോണിയമ്മ എന്നിവർ ഉൾപ്പെടുന്ന അധ്യാപക കുടുംബത്തെ അധ്യാപക ദിനത്തിൽ അവരുടെ വസതിയിലെത്തി കുടിയാന്മല വൈസ്മെൻ ക്ലബ് പ്രവർത്തകർ ആദരിച്ചു.
കൂടാതെ കുടിയാന്മലയിലെ യുപി സ്കൂൾ, ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് വിരമിച്ച അധ്യാപകരായ പോൾ മഞ്ചപ്പിള്ളിൽ, എൽസി പോൾ, സി.എസ്. തോമസ് ചവറനാനിയിൽ, സിസിലി തോമസ്, പൗലോസ് വള്ളോംകുന്നേൽ, ഏലമ്മ പൗലോസ്, ടോമി വെമ്പാല, ഷൈനി ടോമി എന്നീ അധ്യാപക ദമ്പതിമാരെയും അവരുടെ വീടുകളിൽ ചെന്ന് ആദരിച്ചു. ക്ലബ് പ്രസിഡന്റ് ജോയ് ജോൺ കുറിച്ചേലിന്റെ നേതൃത്വത്തിൽ സെക്രട്ടറി സിജോ കണ്ണേഴത്ത്, ജോസഫ് നെടുമ്പുറത്ത്, ജിമ്മി ആയിത്തമറ്റം, സെബാസ്റ്റ്യൻ കുരിശുംമൂട്ടിൽ, വിനോദ് കാപ്പിൽ, ജോബിൻസ് കണ്ണേഴം, ജോസ് മുണ്ടാംപള്ളി, പൗലോസ് മൂഞ്ഞേലി, ജാൻസമ്മ, സാലി ജോസ്, മിനി സെബാസ്റ്റ്യൻ, ഡെൽന ബിനു ഇളംകുന്നത്തുപുഴ എന്നിവർ ചേർന്നാണ് ആദരവ് നൽകിയത്.
പൈസക്കരി: അധ്യാപക ദിനത്തിൽ കത്തോലിക്കാ കോൺഗ്രസ് പൈസക്കരി ഫൊറോന സമിതിയുടെ ആഭിമുഖ്യത്തിൽ പയ്യാവൂർ സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപകരെ ആദരിച്ചു. ഫൊറോന പ്രസിഡന്റ് ബെന്നി ചേരിക്കത്തടം, സെക്രട്ടറി വിത്സൺ ചാക്കോ എന്നിവർ ചേർന്ന് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജിൽസി എസ്വിഎമ്മിനെ പൊന്നാടയണിയിച്ചു. സ്കൂളിലെ നാൽപ്പതോളം അധ്യാപകർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.
ചന്ദനക്കാംപാറ: ചെറുപുഷ്പ യുപി സ്കൂളിൽ പിടിഎയുടെ ആഭിമുഖ്യത്തിൽ അധ്യാപകദിനം ആചരിച്ചു. പൊന്നാടയും പൂക്കളും മധുര പലഹാരവും, സമ്മാനങ്ങളും നൽകി വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് അധ്യാപകരെ സ്വീകരിച്ചു. തുടർന്ന് നടത്തിയ ചടങ്ങ് സ്കൂൾ മാനേജർ ഫാ. ജോസഫ് ചാത്തനാട്ട് ഉദ്ഘാടനം ചെയ്തു. ചന്ദനക്കാംപാറയിലെ മാതൃവേദി അംഗങ്ങൾ, പൈസക്കരി മേഖലാ മിഷൻ ലീഗ് ഭാരവാഹികൾ എന്നിവർ സ്കൂളിലെത്തി അധ്യാപകരെ ആദരിച്ചു. ഫാ. ജിന്റോ കടയിലാൻ, സ്കൂൾ മുഖ്യാധ്യാപിക വിജി മാത്യു, മിഷൻ ലീഗ് പൈസക്കരി മേഖല പ്രസിഡന്റ് ജോസ് മണ്ഡപത്തിൽ, മേഖല സെക്രട്ടറി സന്തോഷ് എട്ടൊന്നിൽ തുടങ്ങിയവർ പ്രസംഗിച്ചു.
പയ്യാവൂർ: ഡിവൈൻ മേഴ്സി പള്ളി ഇടവകയിലെ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തിൽ പയ്യാവൂർ ഗവ. യുപി സ്കൂളിലെ അധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പയ്യാവൂർ ശാഖയിൽ നിന്ന് പയ്യാവൂർ ഗവ. യുപി സ്കൂളിലെ വിദ്യാർഥികൾക്ക് മധുര പലഹാരം വിതരണം ചെയ്തു. ചടങ്ങിൽ സ്കൂൾ മുഖ്യാധ്യാപകൻ പി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ടി.എം. സാലി ആമുഖ പ്രഭാഷണം നടത്തി. ബാങ്ക് ശാഖാ മാനേജർ ഷിജു, ലിസി, എ.യു. ലിജിമോൾ എന്നിവർ പ്രസംഗിച്ചു.
ചെറുപുഴ: സ്കൂൾ രത്ന നാഷണൽ അധ്യാപക അവാർഡ് ജേതാവ് പി. ലീനയെ എകെസിസിയുടെ നേതൃത്വത്തിൽ ആദരിച്ചു. കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപതാ പ്രസിഡന്റ് ഫിലിപ്പ് വെളിയത്തിന്റെ നേതൃത്വത്തിൽ ചെറുപുഴ ജെഎം യുപി സ്കൂളിലെത്തിയാണ് ലീന ആദരിച്ചത്. അതിരൂപതാ സെക്രട്ടറി സെബാസ്റ്റ്യൻ ജാതികുളം, കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
പെരുമ്പടവ്: പെരുമ്പടവ് ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കരിപ്പാൽ എസ്വി യുപി സ്കൂളിൽ നിന്ന് ദീർഘകാല സേവനത്തിനുശേഷം വിരമിച്ച സി.ഒ. മറിയാമ്മയെയും, വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് മുഖ്യാധ്യാപികയായി വിരമിച്ച സി.ബി. ഗീതയെയും ആദരിച്ചു. പ്രസിഡന്റ് തോമസ് ചാക്കോ പുല്ലൻപ്ലാവിൽ, സെക്രട്ടറി രാജഗോപാൽ പടിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
അധ്യാപക ദിനത്തിൽ ടാഗോർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളന്റിയർമാർ അധ്യാപകർക്ക് മാവിൻതൈകൾ നൽകി. മുഖ്യാധ്യാപിക പി. രജനി, സീനിയർ അസിസ്റ്റന്റ് കെ.ബി. രതീഷ് കുമാർ എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്തു. ടി.വി. അഭിലാഷ്, അപർണ വിനോദ്, സി.കെ. ദേവിക എന്നിവർ പ്രസംഗിച്ചു.