പഴയങ്ങാടി: കണ്ണപുരം റെയിൽവേ സ്റ്റേഷനു സമീപം പഴയങ്ങാടി-പാപ്പിനിശേരി കെഎസ്ടിപി റോഡിൽ നിർത്തിയിട്ട കാറിന് പിറകിൽ സൈനികൻ ഓടിച്ച ഇന്നോവ കാർ ഇടിച്ചുകയറി കടയുടമയ്ക്ക് പരിക്കേറ്റു. തിരുവോണ ദിവസം രാത്രി പത്തോടെയാണ് സംഭവം. കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവ കാർ ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ സമീപമുള്ള കടയിലേക്ക് കയറിയാണ് കണ്ണപുരത്തെ പി.പി. സ്റ്റോർ ഉടമ ദിനേശന് പരിക്ക് പറ്റിയത്. ഇദ്ദേഹത്തെ സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെതുടർന്ന് ഇന്നോവ കാറുമായി രക്ഷപ്പെടാൻ ശ്രമിച്ച സൈനികനെ നാട്ടുകാർ തടഞ്ഞുവയ്ക്കുകയും നാട്ടുകാർ കണ്ണപുരം പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. കാർ അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന്, കണ്ണപുരം സിഐ ബാബുമോനും സംഘവും സ്ഥലത്തെത്തി ചുണ്ട സ്വദേശിയായ സൈനികൻ ശ്രീലേഷിനെ കസ്റ്റഡിയിൽ എടുത്തു. പോലീസുമായി തട്ടിക്കയറിയ സൈനികനെ കസ്റ്റഡിയിൽ എടുക്കുകയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ചതിനും അപകടകരമായി വാഹനം കൈകാര്യം ചെയ്തതിനും ഇദ്ദേഹത്തിനെതിരേ കണ്ണപുരം പോലീസ് കേസെടുത്തു.